Latest News

സ്രാവ്-തിരണ്ടി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ: പഠന സമിതി രൂപീകരിക്കും

 സ്രാവ്-തിരണ്ടി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ: പഠന സമിതി രൂപീകരിക്കും

കൊച്ചി: സ്രാവ് പിടിത്തവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കുമെന്ന് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതികൾക്ക് പിന്നാലെ വിവിധയിനം സ്രാവ്-തിരണ്ടികളിലെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ നിയന്ത്രണം വന്നിരുന്നു. പലപ്പോഴും മീൻപിടുത്ത വലകളിൽ അനായാസം കുടുങ്ങുന്ന സാഹചര്യമാണ് മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. അവരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിനുമായി സമിതി പഠനം നടത്തും.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക നാലിൽ ഉൾപ്പെട്ട സ്രാവ് പിടിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം മത്സ്യത്തൊഴിലാളികളും നിയമം നടപ്പാക്കുന്ന ഏജൻസികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വെളിപ്പെടുത്തി. ഇവയുടെ കയറ്റുമതിക്കാണ് നിയന്ത്രണമുള്ളത്. പിടിക്കുന്നതിനും ആഭ്യന്തര വ്യാപാരത്തിനും നിയന്ത്രണമില്ലെന്നത് വ്യക്തതയില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതായി ചർച്ചയിൽ ചൂണ്ടിക്കാട്ടി. നിയമം ഫലപ്രദമായി നടപ്പിലാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലനം, മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള നിരീക്ഷണം, മീൻപിടിത്തത്തിലെ സ്വയം നിയന്ത്രണ രീതികൾ, പങ്കാളിത്ത സംരക്ഷണ പദ്ധതികൾ, സ്ഥിരമായ ശാസ്ത്രീയ വിലയിരുത്തലുകൾ, കയറ്റുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ഠിത കണ്ടെത്തലുകൾ (Non-Detrimental Findings) എന്നിവ അനിവാര്യമാണെന്ന് സിഎംഎഫ്ആർഐ നിർദേശിച്ചു.

സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പങ്കാളിത്ത ശിൽപ്പശാല സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം നിർദേശിക്കാൻ കമ്മിറ്റിയുടെ പഠനം വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൈവവൈവിധ്യ സംരക്ഷണവും തീരദേശ സമൂഹങ്ങളുടെ ഉപജീവന സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന സമതുലിതമായ സമീപനമാണ് വേണ്ടതെന്നും ശിൽപ്പശാലയിൽ ചർച്ചയായി. ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവാധാരമായ മത്സ്യബന്ധനത്തിൽ, കരയിലെ സാഹചര്യങ്ങളെ അപേക്ഷിച്ച് നിയന്ത്രണം നടപ്പാക്കാൻ കഴിയാത്ത നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നു. സംരക്ഷിത ജീവികളെ ആകസ്മികമായി പിടിക്കുന്ന സാഹചര്യം മത്സ്യത്തൊഴിലാളികളെ നിയമപ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നുവെന്നാണ് അവർക്കുള്ള പരാതികൾ.

ശിൽപ്പശാലയിൽ സിഎംഎഫ്ആർഐയിലെ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ. ശോഭ ജോ കിഴക്കൂടൻ, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ രാജ് ആർ, ലോങ്‌ലൈൻ ആൻഡ് ഗിൽനെറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes