സ്വന്തം നാട്ടിലെ അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങാന്‍ മെസി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ സൂചന നല്‍കി സൂപ്പര്‍ താരം മെസി. അടുത്തയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനിസ്വേലയ്ക്കെതിരായ പോരാട്ടം ദേശീയ ടീമിനൊപ്പം സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന ലോകകപ്പ് യോഗ്യതാ മത്സരമാണെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ഇത് എനിക്ക് വളരെ വളരെ പ്രത്യേകമായ ഒരു മത്സരമായിരിക്കും, കാരണം ഇത് അവസാന യോഗ്യതാ മത്സരമാണ്’ ലീഗ് കപ്പില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തി മയാമി ഫൈനലില്‍ എത്തിയ ശേഷം മെസി പറഞ്ഞു.
വ്യാഴാഴ്ച ബ്യൂണസ് അയേഴ്‌സിലെ മോനുമെന്റല്‍ സ്റ്റേഡിയത്തിലാണ് സൗത്ത് അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടില്‍ അര്‍ജന്റീന-വെനിസ്വേല മത്സരം.അവസാനത്തെ നൃത്തം എന്ന കുറിപ്പോടെയാണ്, തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മെസിയുടെ പ്രസ്താവനയോടു പ്രതികരിച്ചത്. അര്‍ജന്‍റീന ജഴ്സിയിലുള്ള മെസിയുടെ ചിത്രം സഹിതമായിരുന്നു ഫെഡറേഷന്‍റെ കുറിപ്പ്.അടുത്ത വര്‍ഷത്തെ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന് മെസി സൂചന നല്‍കിയിട്ടുണ്ട്. 2022-ല്‍ ഖത്തറില്‍ നേടിയ കിരീടം ആവര്‍ത്തിക്കുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം.
2030 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ 2027-ല്‍ ആരംഭിക്കുമ്പോള്‍ മെസിയുടെ പ്രായം 40 ആകും. അതുകൊണ്ട് തന്നെ മെസിയെ സംബന്ധിച്ചിടത്തോളം, ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മൊനുമെന്റലിലെ യോഗ്യത മത്സരത്തിന് വ്യക്തിപരമായ പ്രാധാന്യം കൂടുതലുണ്ടാകും. ‘വെനിസ്വേലയുമായുള്ള മത്സര ശേഷം, ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല, ഇനി സൗഹൃദ മത്സരങ്ങളോ കൂടുതല്‍ മത്സരങ്ങളോ ഉണ്ടാകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത് വളരെ പ്രത്യേകമായ ഒരു മത്സരമാണ്, അതിനാല്‍ എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടാകും, ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍,’ മെസി പറഞ്ഞു. മെസിയുടെ അവസാന ഹോം മത്സരത്തിന്റെ ടിക്കറ്റ് വില വര്‍ധിപ്പിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പണം വാരാനുള്ള ശ്രമത്തിലാണ്. 2026 ലോകകപ്പിന് യോഗ്യത നേടിയ അര്‍ജന്റീന ഇതിനകം തന്നെ 35 പോയിന്റുമായി സൗത്ത് അമേരിക്കന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.