സ്വർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

തിരുവനന്തപുരം: സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിൽ രണ്ടാം പ്രതിയാണ് ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കും.
2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്.ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥൻ മുരാരി ബാബുവാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവില്‍ നിന്നാണ് സ്വര്‍ണം പാളികളില്‍ സ്വര്‍ണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിന്‍റെ തുടക്കം മുരാരി ബാബുവിന്‍റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.
സ്വർണം പൂശിയിരുന്ന ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് തകിടെന്ന് മഹസറിൽ രേഖപ്പെടുത്തിയത് നിലവിൽ ഡെപ്യൂട്ടി കമ്മിഷണറായ മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്ന് മുരാരി ബാബുവിനെ ജോലിയിൽ നിന്ന് ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തിരുന്നു.എന്നാൽ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നും ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്നുമായിരുന്നു മുരാരി ബാബു പറഞ്ഞത്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരുമാണെന്നും മുരാരി ബാബു പറഞ്ഞു.