ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു; നടപടി രണ്ടു വർഷത്തിന് ശേഷം

ടെൽഅവീവ്: ഇസ്രയേല്‍-ഹമാസ് സമാധാന കരാറിന്റെ ഭാഗമായി ആദ്യസംഘ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഏഴ് പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. രണ്ട് വര്‍ഷത്തിനു ശേഷം സ്വതന്ത്രരായ ഇവർ വൈദ്യപരിശോധനയ്ക്കു ശേഷം ബന്ദുക്കള്‍ക്കൊപ്പം ചേരും. സമാധാന കരാറിന്റെ ഭാഗമായി 1966 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും.
ഗാലി ബെര്‍മാന്‍, സിവ് ബെര്‍മന്‍, മതാന്‍ ആംഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈറ്റന്‍ മോര്‍, ഗൈ ഗില്‍ബോവ-ദലാല്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇസ്രയേല്‍ ബന്ദികളാക്കിയ ഉറ്റവര്‍ക്കായുള്ള പലസ്തീന്‍ ജനതയുടെ കാത്തിരിപ്പ് തുടരുകയാണ്. 2000 പലസ്തീനികളാണ് ഇസ്രയേല്‍ തടവില്‍ കഴിയുന്നത്.
അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദികളെ കൈമാറുന്നതിനുള്ള നടപടികളാരംഭിച്ചത്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു.