ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സമവായമുണ്ടെങ്കിൽ നല്ലതെന്ന് മന്ത്രി വി ശിവൻകുട്ടി. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്നും മന്ത്രി പറഞ്ഞു. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ നിലപാടിൽ നിന്ന് മാറിയിട്ടുണ്ട്. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മാനേജ്മെന്‍റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെ നിലപാടുകൾ സ്വീകരിക്കണമെന്ന് ഫാ. ഫിലിപ്പ് കവിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രസ്താവന പ്രശ്നം ഗുരുതരമാക്കുകയുള്ളൂവെന്നും പ്രശ്നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേക രഹിതമായി പ്രസ്താവന ഇറക്കിയെന്നും വിമര്‍ശിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ലെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.