ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിഞ്ഞു മതേതരത്വം കാക്കണം; എം എ ബേബി
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തനിരപേക്ഷതയ്ക്ക് കീര്‍ത്തിപ്പെടുന്ന സംസ്‌കാരമാണ് നമ്മുടേത്.ആര് ജയിച്ചു ആര് തോറ്റു എന്നതല്ല വിഷയം. മതേതരത്വം കാക്കണം. സമൂഹത്തില്‍ അനുരഞ്ജനം ഉണ്ടാക്കണമെന്ന് എം എ ബേബി പറഞ്ഞു.
അതേസമയം ഹിജാബ് വിഷയത്തില്‍ ആദ്യം അഭിപ്രായം പറയാതിരുന്നത് ചില ഛിദ്ര ശക്തികള്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്നം. കേരളത്തിന് അപമാനകരമാണ്.ഛത്തീഗ്ഢിലെ കാര്യം നമ്മള്‍ പറയുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്.

