ഹെൽമറ്റ് ഉണ്ടെങ്കിലേ ഇന്ധനവും നൽകൂ ; ക്യാംപെയ്നുമായി യു പി സർക്കാർ

ലഖ്‌നൗ: “ഹെൽമറ്റ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ല”എന്ന ആശയം മുന്നോട്ട് വെച്ച് ഗതാഗത മേഖലയിൽ ക്യാംപെയ്നുമായി യു പി സർക്കാർ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
2023-ൽ ഉത്തർപ്രദേശിൽ 44,534 റോഡപകടങ്ങൾ രേഖപ്പെടുത്തിയതായും 2022-ൽ ഇത് 41,746 ആയിരുന്നുവെന്നും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപെയ്‌ൻ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 31 വരെ അസൂത്രം ചെയ്തിരിക്കുന്ന പരിപാടിയിൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മോട്ടോർ സൈക്കിൾ ഉപയോക്താക്കളിൽ ഹെൽമറ്റുകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അവബോധം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ലക്ഷ്യമിടുന്നത്.
തെറ്റ് ചെയ്തയാളെ ശിക്ഷിക്കുക എന്നതല്ല ഈ ക്യാംപെയ്ൻ്റെ ലക്ഷ്യം. വാഹനം ഓടിക്കുന്നവരിൽ ശരിയായ അച്ചടക്കവും സുരക്ഷയെക്കുറിച്ചുള്ള അവബോധവും വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
“എല്ലാ റൈഡർമാരും വേഗത നിയന്ത്രിക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും തയ്യാറാവണം. റോഡുകളിൽ നിങ്ങൾ സുരക്ഷിതമായി യാത്ര ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ പ്രതിബദ്ധതയാണ്”, ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പതക് പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റുകളുടെ നേതൃത്വത്തിൽ ജില്ലാ റോഡ് സുരക്ഷാ സമിതികളുമായി സഹകരിച്ച് സംസ്ഥാനവ്യാപകമായി പ്രചരണം നടക്കും. ആളുകളിൽ അവബോധം വർധിപ്പിക്കുന്നതിന് പിആർ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.