കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനായി 100 ഏക്കർ ഭൂമി ഏറ്റെടുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടി 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. നിയമ പ്രകാരം പുറപ്പെടുവിച്ച 11(ഒന്ന്) വിജ്ഞാപന പ്രകാരം ഏകദേശം 100 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. താമരശ്ശേരി താലൂക്കിൽ കിനാലൂർ, കാന്തലാട് വില്ലേജുകളിലായി 93 ഓളം വാസഗൃഹങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നാണ് നിലവിൽ കണക്കാക്കിയിട്ടുള്ളതെന്നും കെ.എം. സച്ചിൻദേവിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. നിയമത്തിലെ വകുപ്പ് 11(നാല്) പ്രകാരം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട കൈമാറ്റങ്ങളും ബാധ്യതപ്പെടുത്തലുകളും പാടില്ല. നിലവിൽ ഈ ഭൂമി ഏറ്റെടുക്കൽ പദ്ധതി അടിസ്ഥാന വില നിർണയ ഘട്ടത്തിലാണ്. സബ് ഡിവിഷൻ റിക്കാർഡുകളുടെ അംഗീകാരത്തിനും ഫണ്ട് ലഭ്യതക്കനുസരിച്ച് നഷ്ടപരിഹാരതുക കൈമാറുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.