ഇന്ത്യയിൽ 11 വർഷം; രണ്ട് പുതിയ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ റെഡ്‍മിയുടെ ആഘോഷം

2014 ജൂലൈയിലാണ് റെഡ്‍മി ഇന്ത്യയിൽ കമ്പനിയുടെ ആദ്യ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെത്തി 11 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി റെഡ്‌മി രണ്ട് പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചു. റെഡ്മി ജൂലൈ 24-ന് ഈ ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ മാസം ആദ്യം റെഡ്‍മി ഷാംപെയ്ൻ ഗോൾഡ് നിറത്തിൽ നോട്ട് 14 പ്രോ+ 5ജി, നോട്ട് 14 പ്രോ 5ജി എന്നിവ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം എക്സിലെ ഒരു പോസ്റ്റിലാണ് റെഡ്‍മി ഇന്ത്യ രാജ്യത്ത് 11 വർഷം പൂർത്തിയാക്കിയതായി അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ വിപണികളിൽ ഒന്നിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട്, 2014 ജൂലൈയിൽ എംഐ 3 പുറത്തിറക്കിയാണ് റെഡ്മി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. 11 വർഷത്തെ നാഴികക്കല്ല് ആഘോഷിക്കുന്നതിന്‍റെ ഭാഗമായി റെഡ്മി കമ്പനി രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് വെളിപ്പെടുത്തി.
വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ പേരുകളോ സവിശേഷതകളോ റെഡ്‌മി വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ആവരണമുള്ള റെഡ്‍മി ഹാൻഡ്‌സെറ്റുകൾ ഒരു ടീസര്‍ ചിത്രത്തില്‍ ദൃശ്യമാണ്. ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന മോഡലുകളിൽ ഒരെണ്ണം വെളുത്ത നിറത്തിൽ കാണപ്പെടുന്നു. റെഡ്‍മി ബ്രാൻഡിംഗ് ഈ ഫോണിന്‍റെ താഴെ ഇടത് മൂലയിൽ ലംബമായി സ്ഥാപിച്ചിരിക്കുന്നു. ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന മറ്റൊരു മോഡൽ ഡ്യുവൽ-ടോൺ ബർഗണ്ടി നിറത്തിൽ കാണപ്പെടുന്നു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ സവിശേഷതകളോ പേരുകളോ ഷവോമി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ഡിവൈസുകൾ ബാറ്ററി ശേഷിയിലും പ്രകടനത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പോസ്റ്റ് സൂചന നൽകുന്നു.
റെഡ്‍മി തങ്ങളുടെ നിലവിലുള്ള നോട്ട് 14 സീരീസിനായി പുതിയ കളർ വേരിയന്‍റുകൾ അവതരിപ്പിച്ചതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ റെഡ്‍മി ഫോണുകളുടെ പ്രഖ്യാപനം വരുന്നത്. ഈ മാസം ആദ്യം, റെഡ്‍മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ 5ജി മോഡലുകളിൽ ഷാംപെയ്ൻ ഗോൾഡ് ഫിനിഷ് ചേർത്തു. മുമ്പ് ലഭ്യമായിരുന്ന സ്പെക്‌ടർ ബ്ലൂ, ടൈറ്റൻ ബ്ലാക്ക്, ഫാന്‍റം പർപ്പിൾ (ലെതർ ബാക്ക് ഫിനിഷുള്ള) എന്നിവയുമായി ഈ പുതിയ നിറങ്ങൾ ചേരുന്നു. സ്റ്റാൻഡേർഡ് റെഡ്മി നോട്ട് 14-ന്‍റെ 8 ജിബി + 128 ജിബി ഓപ്ഷന് 17,999 രൂപയിലാണ് വില ആരംഭിക്കുന്നത്. അതേസമയം, നോട്ട് 14 പ്രോയ്ക്കും നോട്ട് 14 പ്രോ+ നും ഒരേ റാമും സ്റ്റോറേജ് കോൺഫിഗറേഷനും യഥാക്രമം 23,999 രൂപയും 29,999 രൂപയുമാണ് വില.