ഫിസിയോ തെറാപ്പിസ്റ്റുകള്‍ ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കരുത്: നിയമപരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ ‘ഡോക്ടർ’ എന്ന വിശേഷണം ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്തവർക്ക് ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കാൻ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്.
തെറാപ്പിസ്റ്റുകൾ ഈ വിശേഷണം ഉപയോഗിക്കുന്നില്ലെന്ന് അധികാരികൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. 1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് അനുസരിച്ച് ഈ പദവി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിനെയും കോടതി പരാമർശിച്ചു. സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. തെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നാഷണൽ മെഡിക്കൽ കമ്മീഷന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കേസിന്റെ അടുത്ത പരിഗണന ഡിസംബർ ഒന്നിന് നടക്കും. ഇതിന് മുമ്പ് ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന പദവി ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ സെപ്റ്റംബർ 9ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിലൂടെ (DGHS) ഉത്തരവിറക്കിയിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആവശ്യം പരിഗണിച്ചായിരുന്നു ആ തീരുമാനം. എന്നാൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്ന് കേന്ദ്രം മണിക്കൂറുകൾക്കകം ഉത്തരവ് പിന്‍വലിച്ചു. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണ് എന്ന് വ്യക്തമാക്കി സെപ്റ്റംബർ 10ന് പുതിയ ഉത്തരവാണ് ഇറക്കിയത്.

