‘നീണ്ട 15 വർഷങ്ങൾ, ഭാവി വരനൊപ്പമുള്ള ഫോട്ടോയുമായി കീർത്തി സുരേഷ്
തന്റെ സുഹൃത്തും ഭാവി വരനുമായ ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കീർത്തി സുരേഷ്. നടിയുടെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴാണ് ആന്റണിക്കൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപാവലി വേളയിൽ എടുത്ത ചിത്രമാണെന്ന് കരുതുന്നു. ‘15 വർഷങ്ങൾ… ഇനിയും തുടരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റണിക്കും കീർത്തിക്കും ആശംസകളുമായി ഒരുപാട് താരങ്ങളും എത്തിയിട്ടുണ്ട്.
അതേസമയം കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ ഇരുവരും തമ്മിലുള്ള വിവാഹവാർത്ത സ്ഥിരീകരിച്ചിട്ടുമുണ്ട്. അടുത്ത മാസം ഗോവയിൽവെച്ചാകും വിവാഹമെന്നും എന്നാൽ തീയതി തീരുമാനിച്ചിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു. കൊച്ചി സ്വദേശിയായ ബിസിനസുകാരൻ ആന്റണി തട്ടിലാണ് വരൻ.
‘ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ തീയതി തിരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക’ കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്, എന്നാണ് വിവാഹത്തെക്കുറിച്ച് സുരേഷ് കുമാർ പറഞ്ഞത്.
താൻ പ്രണയത്തിലാണെന്ന സൂചന മുമ്പ് നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് താൻ പ്രണയിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.
നിർമാതാവ് ആയ സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ ഏറെ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇപ്പോൾ ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് യുവതാരം.