23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ അരങ്ങേറിയത്. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ കർമ്മ പദ്ധതികളുടെ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ പ്രസംഗത്തിൽ മോദി പ്രശംസിച്ചു . ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, വിവിധ ലോകനേതാക്കളും രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രിയ സുഹൃത്ത് നരേന്ദ്ര എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ആശംസ. അറിയിച്ചത്. വ്യാപാര കരാറിലുൾപ്പടെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ തർക്കങ്ങൾ പരിഹരിക്കാനും ധാരണയായി. ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ട്രംപ് ടെലിഫോണിൽ വിളിച്ചപ്പോഴാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ ധാരണയിലെത്തിയത്.