25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സ; കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ 75.66 കോടി രൂപ സൗജന്യ ചികത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേന 49.3 കോടി രൂപയും നൽകി. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ക്കും തുക ല്‍കിയതായും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കഴിഞ്ഞ 3 വര്‍ഷമായി കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7163 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 544 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി.
കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത് ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ്. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ കാസ്പില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഉണ്ടായിരുന്ന ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചത്.