പ്രേതബാധയുണ്ടെന്ന ആരോപണം; കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു

പ്രേതബാധയുണ്ടെന്ന ആരോപണത്തെ തുടർന്ന് കര്‍ണാടകയില്‍ 55- വയസ്സുകാരിയെ തല്ലിക്കൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഗീതമ്മയുടെ മകൻ സഞ്ജയ്‌ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ എത്തിയ രണ്ടുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടാരോപിച്ച് ഇതിനെതിരെ പൂജ ചെയ്യാൻ സഞ്ജയ്, ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് ഗീതമ്മയെ കൊണ്ടുപോകുകയായിരുന്നു. പിന്നീട് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഗീതമ്മയുടെ വീട്ടിലെത്തി. തുടര്‍ന്ന് പൂജ കര്‍മങ്ങളെന്ന പേരില്‍ മര്‍ദനം ആരംഭിക്കുകയായിരുന്നു. നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി കൊണ്ട് ആവര്‍ത്തിച്ച് ആശ മർദിക്കുന്നതും ഇതിനിടയില്‍ ഗീതമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ക്യാമറയില്‍ റെക്കോര്‍ഡു ചെയ്യപ്പെട്ട ഈ ആക്രമണം രാത്രി 9:30 ഓടെ ആരംഭിച്ച് പുലര്‍ച്ചെ 1:00 വരെ തുടര്‍ന്നുവെന്നും പറയപ്പെടുന്നു. തുടര്‍ച്ചയായ മര്‍ദനത്തിനൊടുവില്‍ ഗീതമ്മ മരിക്കുകയായിരുന്നു. സംഭവത്തിൽ, സഞ്ജയ്, ആശ, സന്തോഷ് എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tag: 55-year-old woman beaten to death in Karnataka over alleged ghostly presence