892 കിലോമീറ്റര്‍ ദൂരം, കേരളത്തെക്കാൾ നീളത്തിൽ ഒരു മിന്നൽപ്പിണർ! സകല റെക്കോർഡുകളും തകർന്നു, അമ്പരന്ന് ശാസ്ത്രലോകം

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇടിമിന്നൽ കാണുകയും അതിന്‍റെ ശബ്‍ദം കേൾക്കുകയും ചെയ്‌തവരായിരിക്കും നമ്മളെല്ലാം. 2017-ല്‍ അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു ഭീമാകാരന്‍ ഇടിമിന്നൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. കിലോമീറ്ററുകളോളം നീളമുള്ള ഈ മിന്നൽപ്പിണർ യുഎസിലെ പല നഗരങ്ങളെയും പ്രകാശിപ്പിക്കുന്നതായിരുന്നു. അമേരിക്കയിലെ ടെക്സസിൽ നിന്ന് കാൻസസ് വരെ 829 കിലോമീറ്റർ (515 മൈൽ) വ്യാപിച്ചുകിടക്കുന്നത്ര വ്യാപ്തിയില്‍ വലിയ മിന്നലായിരുന്നു അതെന്ന് ലോക റെക്കോര്‍ഡ് സഹിതം സ്ഥിരീകരണം വന്നിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ദൈർഘ്യമേറിയ മിന്നൽ എന്ന റെക്കോര്‍ഡ‍് ലോക കാലാവസ്ഥാ സംഘടന (WMO) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ടെക്സസിലെ മിന്നൽപ്പിണർ വാർത്തകളിൽ വീണ്ടും നിറയുകയാണ്.
2017-ല്‍ ടെക്സസ് മുതല്‍ കാൻസസ് വരെ നീണ്ട ഭീമാകാരന്‍ മിന്നല്‍പ്പിണര്‍ 829 കിലോമീറ്റർ ദൈര്‍ഘ്യം രേഖപ്പെടുത്തിയാണ് പുതിയ റെക്കോർഡിട്ടത്. 2020 ഏപ്രിൽ 29-ന് അമേരിക്കയിലെ മിസിസിപ്പിയിൽ നിന്ന് ടെക്സസിലേക്ക് വ്യാപിച്ച 768 കിലോമീറ്റര്‍ വ്യാപ്തിയുണ്ടായിരുന്ന ഇടിമിന്നലിന്‍റെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്. 2017-ലുണ്ടായ സംഭവമാണെങ്കിലും ഇപ്പോഴാണ് ടെക്സസിലെ മിന്നല്‍പ്പിണറിന്‍റെ റെക്കോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 22,236 മൈൽ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന GOES ഈസ്റ്റ് കാലാവസ്ഥാ ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഗവേഷകർ ഭീമാകാരമായ ഇടിമിന്നലിന്‍റെ ദൈര്‍ഘ്യം തിരിച്ചറിഞ്ഞത് എന്ന് സയൻസ് അലേർട്ടിനെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ ഉപഗ്രഹ സാങ്കേതികവിദ്യ മിന്നലിനെ ട്രാക്ക് ചെയ്യുന്നതിന് വളരെയധികം സഹായിച്ചതായി ഗവേഷകർ പറയുന്നു. ഇത്തരം വലിയ മിന്നലുകളെ മെഗാഫ്ലാഷ് മിന്നൽ എന്ന് വിളിക്കുന്നുവെന്നും അത് എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും ഇപ്പോഴും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി
ഇടിമിന്നൽ എങ്ങനെയാണ് ഉണ്ടാകുന്നത്?
അന്തരീക്ഷത്തിലെ പ്രക്ഷുബ്‍ധത കണികകള്‍ കൂട്ടിയിടിച്ച് വൈദ്യുത ചാർജ് സൃഷ്‌ടിക്കുമ്പോൾ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മിന്നൽ. ചാർജ് വർധിക്കുമ്പോൾ, ഒടുവിൽ ഒരു വലിയ വൈദ്യുതി സ്ഫോടനം സംഭവിക്കുകയും ആകാശത്ത് ദശലക്ഷക്കണക്കിന് വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. മിക്ക മിന്നലുകളും ചെറുതായിരിക്കും. സാധാരണയായി 10 മൈലിൽ താഴെ നീളമുള്ളതായിരിക്കും പല മിന്നലുകളും. അവ സാധാരണയായി നേരെ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോൾ അവ മേഘങ്ങൾക്കിടയിൽ തിരശ്ചീനമായി സഞ്ചരിക്കുകയും വലിയ മിന്നലുകൾ ഉണ്ടാക്കുകയും ചെയ്യും. ഒരു മിന്നൽപ്പിണറിന്‍റെ നീളം 100 കിലോമീറ്ററിൽ കൂടുതൽ നീളുമ്പോൾ, അതിനെ മെഗാഫ്ലാഷ് എന്ന് വിളിക്കുന്നു. ഇത് അപൂർവവും അസാധാരണവുമായ ഒരു സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്.
ഒരു മെഗാഫ്ലാഷ് ട്രാക്ക് ചെയ്യുന്നതിന് സൂക്ഷ്‍മമായ വിശകലനം ആവശ്യമാണ്. ഉപഗ്രഹ ഡാറ്റകളും ഭൂമിയിൽ നിന്നുള്ള ഡാറ്റകളും സംയോജിപ്പിച്ച് ഇടിമിന്നല്‍ പ്രകാശത്തിന്‍റെ വ്യാപ്‍തി 3D-യിൽ പുനഃസൃഷ്ടിക്കേണ്ടതുണ്ട്. എങ്കിലും, മേഘങ്ങൾ പലപ്പോഴും ആഘാതത്തിന്‍റെ ഒരു ഭാഗം മറയ്ക്കുന്നതിനാൽ, ഈ ഭീമാകാരമായ മിന്നൽ സംഭവങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകാതെ പോകാമെന്നും ഗവേഷകർ പറയുന്നു.