900 വാഗ്ദാനങ്ങൾ,97% ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്
കണ്ണൂർ: പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് കാർഡുമായി എൽഡിഎഫ് രംഗത്ത്. 2021 തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ആളുകൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കിയതായും, ലൈഫ് മിഷനും പുനർഗേഹം പദ്ധതിയും വഴി ആയിരക്കണക്കിന് വീടുകളും ഫ്ലാറ്റുകളും കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറുപതിനായിരത്തിലേറെ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്നും, ജപ്തി ഭീഷണി നേരിടാൻ ഏകകിടപ്പാട സംരക്ഷണ നിയമം കൊണ്ടുവന്നതായും അവകാശപ്പെടുന്നു.16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്നുണ്ടെന്നും, കെ-സ്മാർട്ട് പദ്ധതിയിലൂടെ 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി അപേക്ഷാ പ്രായപരിധി ഉയർത്തുകയും 3,13,202 നിയമനങ്ങൾ നടപ്പാക്കുകയും ചെയ്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കെ-ഡെസ്ക് പദ്ധതിയിലൂടെ 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും, ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. കണക്ട് ടു വർക്ക് പദ്ധതിയിലൂടെ 75,366 പേർക്ക് സാമ്പത്തിക സഹായം ലഭിച്ചതായും വ്യക്തമാക്കുന്നു.വയനാട്ടിൽ 178 വീടുകൾ പൂർത്തിയായതും, വിഴിഞ്ഞം പദ്ധതി, വയനാട് തുരങ്കപാത എന്നിവയും പ്രധാന നേട്ടങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ക്ഷേമത്തിനായി 150 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, കെ-റെയിൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, യുഡിഎഫും ബിജെപിയും ചേർന്ന് പദ്ധതി തടഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു

