ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി

പാർലമെന്റ് സമ്മേളനം ആരംഭിച്ചവേളയിൽ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണുനട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരൻ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം ദേശീയത ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടൽ തുടരാനുള്ള തീരുമാനത്തിലാണ് തരൂർ.
തരൂർ ഒപ്പമില്ലെന്നും തലസ്ഥാനത്തെ പാർട്ടി പരിപാടികൾക്ക് ഇനി അദ്ദേഹത്തെ ക്ഷണിക്കേണ്ടതില്ലെന്നും കെ മുരളീധരൻ തുറന്നടിച്ചെങ്കിലും വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. തരൂർ വിവാദങ്ങളിൽ ഹൈക്കമാന്റിന്റെതാകും അന്തിമ തീരുമാനമെന്ന വിശദീകരണമാണ് നേതൃത്വത്തിന്റേത്. അതേസമയം ദേശീയതയുടെ പേരിൽ മോദി സ്തുതി നടത്തുന്ന ശശി തരൂരിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും. തരൂരിന്റെ പ്രസ്താവനകൾ പാർട്ടി നിലപാടിന് വിരുദ്ധം എന്ന് ഹൈക്കമാന്റിന് ബോധ്യമുണ്ടെങ്കിലും പ്രവർത്തകസമിതി അംഗത്വം എടുത്തു കളയുകയോ പാർട്ടിയിൽ നിന്ന് പുറത്താക്കുകയോ ചെയ്താൽ തരൂരിനത് രക്തസാക്ഷി പരിവേഷം നൽകുമെന്ന ആശങ്കയിലാണ് എഐസിസി നേതൃത്വം. തരൂർ വിവാദത്തിൽ പ്രകോപനപരമായ പരസ്യ പ്രതികരണങ്ങളിൽ നിന്ന് സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് വിലക്കിയിരിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
അതിനിടെ ശശി തരൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന അഭ്യൂഹം കോൺഗ്രസ് കേന്ദ്രങ്ങളിൽ ശക്തമാണെങ്കിലും തരൂരുമായി അടുത്ത വൃത്തങ്ങൾ ഇത് നിഷേധിക്കുകയാണ്. മതസൗമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാനുള്ള നീക്കം തരൂർ ക്യാമ്പ് നടത്തുകയാണെന്നാണ് സൂചന. വരുന്ന 25, 26 തീയതികളിൽ കോട്ടയത്ത് നടക്കുന്ന സിഎസ്ഐ മധ്യ കേരള മഹാ ഇടവകയുടെ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശശി തരൂർ, പാല രൂപതയുടെ ജൂബിലി സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്കും ഒപ്പം വേദി പങ്കിടും.
മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തരൂരിന്റെ ഈ നീക്കം കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയ്ക്കാകും വഴിതുറക്കുക. പുകച്ച് പുറത്ത് ചാടിക്കാൻ ആവില്ലെന്ന നിലപാടിലാണ് ശശി തരൂർ. സ്വയം പുറത്തു പോകട്ടെ എന്ന നിലപാടിൽ പാർട്ടി നേതൃത്വവും. തരൂരിന്റെ തുടർ നീക്കങ്ങൾ കോൺഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കാൻ കഴിയുമെന്ന വിലയിരുത്തലിൽ ബിജെപി കേന്ദ്രങ്ങളും.