സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗവും
മലപ്പുറം: അഭിമുഖ – ആർഎസ്എസ് ബന്ധ വിവാദങ്ങൾ ശക്തമാകുന്നതിനിടെ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗവും. എസ്എസ്എഫ് മുഖപത്രമായ രിസാല വാരികയിലാണ് വിമർശനം.
പിണറായി ആരുടെ പി ആർ ഏജൻസി എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ അഭിമുഖത്തിലാണ് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയാണെന്നും എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ സിപിഐഎം നിസ്സാരവത്ക്കരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സിപിഐഎം വീണു. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തത് എന്തിന്റെ തെളിവാണെന്ന ചോദ്യവും രിസാല ഉന്നയിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ സിപിഐഎമ്മിന് ഉത്തരമില്ല. ദി ഹിന്ദു പത്രത്തിൽ നൽകിയ അഭിമുഖം ബിജെപിക്ക് ഗുണകരമായ രീതിയിൽ പ്രചരിച്ചു. മലപ്പുറത്തെ ക്രിമിനൽ തലസ്ഥാനമാക്കാനുള്ള ഹിന്ദുത്വവർഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചിലവിൽ നടപ്പിലാക്കിയെന്നും രിസാല ആരോപിച്ചു.
പൊലീസിന്റെ മാനോവീര്യം തകർക്കരുതന്ന ക്യാപ്സൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്നതിൽ സംശയം തോന്നുന്നു. അധികാരാർത്തിയിൽ സിപിഐഎം ചെന്നുപതിച്ച അപചയത്തിൻ്റെ ആഴം അളക്കാൻ കഴിയാത്തതാണ്. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സിപിഐഎമ്മിന്റെ പൊടി പോലും കണ്ടുപിടിക്കാൻ പറ്റില്ലെന്നും രിസാല മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
നേരത്തെയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രിസാല രംഗത്തെത്തിയിരുന്നു. ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിനെതിരെയായിരുന്നു രിസാലയുടെ വിമർശനം. മുഖ്യമന്ത്രി തിരുത്തുകയോ, ഹാ കഷ്ടം എന്ന തലക്കെട്ടോടെയായിരുന്നു രിസാല അന്ന് കുറിപ്പ് പങ്കുവെച്ചത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ 150 കിലോ സ്വർണവും 123 കോടി രൂപയും സംസ്ഥാന പൊലീസ് പിടിച്ചെടുത്തു. ഈ പണം എത്തുന്നത് സംസ്ഥാന-ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ്. മുസ്ലിം തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കുമ്പോൾ ഇത്തരം ശക്തികൾ മുസ്ലിം ഇരവാദം ഉയർത്തുന്നു, ഇങ്ങനെയല്ലേ ആ ഇംഗ്ലിഷിന്റെ അർത്ഥം. സ്വാഭിവകമായും വിമർശനം ഉയർന്നു. ഇന്ത്യയിലെ സംഘടിതാക്രമണത്തിന് പലവട്ടം വിധേയമാകുകയും ഭരണകക്ഷിയുടെ പ്രതികാരത്തിന് സദാ ഇരയാവുകയും അനേകം മുൻവിധികളാലും നുണകളാലും അനുനിമിഷം അപമാനിക്കപ്പെടുകയും ചെയ്യുന്ന മുസ്ലിം വിശ്വാസികൾ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയിൽ പ്രകോപിതരാകുന്നതിൽ എന്താണ് അത്ഭുതം, രിസാല കുറിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ദേശ വിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന വാക്ക് ആരാണ് മുമ്പ് ഉപയോഗിച്ചിട്ടുള്ളതെന്നും നമുക്കറിയാമെന്നും രിസാല കൂട്ടിച്ചേർക്കുന്നു.