വാട്‌സ്ആപ്പ് ഇനി മുതല്‍ വിന്‍ഡോസില്‍ ലഭിക്കില്ലെന്ന് സൂചന!

നമ്മളിൽ മിക്കവരും കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ വിൻഡോസിനെയാണ് ആശ്രയിക്കാറുള്ളത്. ആ വിന്‍ഡോസ് വേര്‍ഷന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ വിവരം. ഇതിന് പകരം വെബ് ബ്രൗസർ അടിസ്ഥാനമാക്കി വെബ് റാപ്പർ സംവിധാനമാണ് വാട്സ്ആപ്പ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ആൻഡ്രോയ്‌ഡ്, ഐഒഎസ്, ഐപാഡോസ്, മാക്രോസ്, വെയർഒഎസ്, വിൻഡോസ് എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പ്രത്യേക ആപ്ലിക്കേഷനുകളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതിന് ഒരു മാറ്റം വരുത്താനായാണ് മെറ്റ ഇപ്പോൾ നേറ്റീവ് വിൻഡോസ് ആപ്പ് ഉപേക്ഷിച്ച് വെബ് റാപ്പർ സംവിധാനത്തിലേക്ക് വാട്‌സ്ആപ്പ് തിരിയുന്നത് എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ആപ്പിന്‍റെ നിലവിലെ പതിപ്പിൽ നിന്ന് ഇത് വളരെ വ്യത്യസ്‌തമായിരിക്കും പുതിയ വാട്‌സ്ആപ്പ് വെബ് റാപ്പര്‍ പതിപ്പ്.
വാട്‌സ്ആപ്പ് ഇനിമുതൽ വെബ് റാപ്പർ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വിൻഡോസ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാവുക. ഒരു ആപ്ലിക്കേഷനായി പ്രവർത്തിക്കുന്നതിന് പകരം വാട്‌സ്ആപ്പ് വെബ് ബ്രൗസർ വഴി പ്രവർത്തിക്കുന്ന സംവിധാനമാണിത്. മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസറിന്‍റെ വെബ്‌വ്യൂ2 സാങ്കേതികവിദ്യയുമായി ഇത് സംയോജിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.
ഈ നീക്കത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഒരു വെബ് റാപ്പറിലേക്കുള്ള മാറ്റം വാട്‌സ്ആപ്പ് ഡെവലപ്പർമാർക്ക് പുതിയ ഫീച്ചേർസ് ചേർക്കുന്നത് എളുപ്പമാക്കുമെന്ന് കരുതുന്നത്. വാട്‌സ്ആപ്പില്‍ ഒരു മാറ്റം വരുമ്പോൾ അത് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരുമിച്ച് നടപ്പിലാക്കാൻ മെറ്റയെ വെബ് റാപ്പർ സംവിധാനം അനുവദിക്കും. ഒപ്പം ഈ സംവിധാനത്തിലൂടെ പെട്ടെന്ന് ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റുകൾ നൽകാനും സഹായിക്കും. എന്നാൽ ഈ മാറ്റം കുറെ ഏറെ ഉപഭോക്താക്കളെ ബാധിക്കുകയും, നിലവിലെ വിൻഡോസ് ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ഫീച്ചറുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നു എന്നത് മറ്റൊരു കാര്യം.
ഈ പുതിയ ഫീച്ചറിനെ കുറച്ച് പോരായ്‌മകളും പുറത്തുവരുന്നുണ്ട്. നിലവിലെ വിൻഡോസ് ആപ്പിനേക്കാൾ 30 ശതമാനം വരെ കൂടുതൽ റാം പുതിയ വെബ് വേർഷന് വേണ്ടിവരും എന്നതാണ് ആദ്യ പോരായ്‌മ. ഒപ്പം തന്നെ വെബ് വേർഷൻ ഡെസ്‌ക്‌ടോപ്പ് ആപ്പിനെക്കാൾ വേഗം കുറഞ്ഞതാകാനും സാധ്യതയുണ്ട്. ബ്രൗസറിൽ പ്രവർത്തിക്കുമ്പോൾ റെൻഡറിങ്, ജിപിയു, നെറ്റ്‌വർക്കിങ് തുടങ്ങി നിരവധി സബ്-പ്രോസസ്സുകൾ ഒരേസമയം പ്രവർത്തിക്കേണ്ടിവരും. ഇത് കമ്പ്യൂട്ടറിന്‍റെ സ്‌പീഡിനെ കാര്യമായി ബാധിക്കും. വ്യത്യസ്തമായ രീതിയിലായിരിക്കും വെബ് റാപ്പറിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഉപഭോക്താക്കളിൽ എത്തുക.