മോട്ടോ ജി86 പവർ ഇന്ത്യ ലോഞ്ച് പ്രഖ്യാപിച്ചു; മോട്ടോറോളയുടെ അടുത്ത മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണ്‍

മോട്ടോ ജി86 പവർ (Moto G86 Power) സ്‌മാര്‍ട്ട്ഫോണ്‍ അടുത്ത ആഴ്‌ച ഇന്ത്യയിൽ പുറത്തിറങ്ങും. മോട്ടോറോളയിൽ നിന്നുള്ള വരാനിരിക്കുന്ന ഈ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്ഫോണില്‍ മീഡിയടെക് ഡൈമെൻസിറ്റി 7400 സോക് ചിപ്‌സെറ്റാണ് സജ്ജീകരിക്കുക. ഈ സ്‍മാർട്ട്ഫോൺ ആൻഡ്രോയ്‌ഡ് 15-ലാണ് പ്രവര്‍ത്തിക്കുക. 256 ജിബി വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും 33 വാട്‌സില്‍ ചാർജ് ചെയ്യാൻ കഴിയുന്ന 6,720 എംഎഎച്ച് ബാറ്ററിയും മോട്ടോ ജി86 പവറിനുണ്ടാകും. ഗൊറില്ല ഗ്ലാസ് 7i സംരക്ഷണത്തോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീനിലാണ് ഈ ഹാന്‍ഡ്‌സെറ്റ് വരിക. ഇന്ത്യയിൽ മൂന്ന് നിറങ്ങളിൽ ഫോൺ വിൽക്കുമെന്നും മോട്ടോറോള അറിയിച്ചു.
വരാനിരിക്കുന്ന മോട്ടോ ജി86 പവർ ജൂലൈ 30-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് മോട്ടോറോള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയും മോട്ടോറോളയുടെ വെബ്‌സൈറ്റ് വഴി കോസ്‌മിക് സ്കൈ, ഗോൾഡൻ സൈപ്രസ്, സ്പെൽബൗണ്ട് എന്നീ കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാകും. മോട്ടോറോളയുടെ വെബ്‌സൈറ്റിലെ മോട്ടോ ജി86 പവറിനായുള്ള ഒരു ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്‌ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 സോക് ഉണ്ടായിരിക്കും. 8 ജിബി LPDDR4x റാമും ഇതിൽ ഉൾപ്പെടും. 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്‍റുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭ്യമായ സ്റ്റോറേജ് 1ടിബി വരെ വികസിപ്പിക്കാനും കഴിയും.
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്‍സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീനും ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മോട്ടോ ജി86 പവറിൽ സോണി എല്‍വൈറ്റി-600 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, മാക്രോ മോഡുള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, ഫ്ലിക്കർ സെൻസർ എന്നിവയുണ്ട്. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 6,720 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള വരാനിരിക്കുന്ന മോട്ടോ ജി86 പവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബാറ്ററി 33 വാട്സ് ടർബോപവർ ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി68+ഐപി69 റേറ്റിംഗുകളും MIL-STD 810H ഈട് റേറ്റിംഗും ഈ ഫോണിന് ഉണ്ട്. സ്റ്റീരിയോ സ്‌പീക്കറുകളും ബയോമെട്രിക് സ്ഥിരീകരണത്തിനായി ഫിംഗർപ്രിന്‍റ് സ്‍കാനറും ഈ ഹാൻഡ്‌സെറ്റിലുണ്ട്.