റെഡ്‌മി നോട്ട് 14 എസ്ഇ 5ജി ജൂലൈ 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

റെഡ്മി നോട്ട് 14 എസ്ഇ 5ജി ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് കമ്പനിയുടെ പ്രഖ്യാപനം. 2024 ഡിസംബറിൽ അരങ്ങേറ്റം കുറിച്ച റെഡ്‌മി നോട്ട് 14 5ജി സീരീസിനൊപ്പം ഈ ഫോണും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. എക്സിലെ ഒരു പോസ്റ്റ് വഴിയാണ് റെഡ്‍മി ഇന്ത്യ റെഡ്മി നോട്ട് 14 എസ്ഇ 5ജി-യുടെ വരാനിരിക്കുന്ന ലോഞ്ച് പ്രഖ്യാപിച്ചത്. ജൂലൈ 28ന് ഇത് ഇന്ത്യയിൽ അവതരിപ്പിക്കും. റെഡ്‍മി നോട്ട് 14 5ജി, നോട്ട് 14 പ്രോ 5ജി, നോട്ട് 14 പ്രോ+ 5ജി എന്നിവയാണ് നോട്ട് 14 സീരീസിൽ ഉൾപ്പെടുന്നത്. അതേസമയം, വരാനിരിക്കുന്ന നോട്ട് 14 എസ്ഇ 5ജിയിൽ 16 ജിബി വരെ റാമുള്ള (വെർച്വൽ റാം ഉൾപ്പെടെ) മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, വരാനിരിക്കുന്ന നോട്ട് 14 എസ്ഇ 5ജിയുടെ നിരവധി സവിശേഷതകൾ റെഡ്‍മി വെളിപ്പെടുത്തിയിട്ടുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 2,100 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസും വാഗ്ദാനം ചെയ്യുന്ന അമോലെഡ് സ്‌ക്രീൻ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കും. 6.67 ഇഞ്ച് പാനലായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ടായിരിക്കും. 16 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ സോക് ആണ് ഈ ഹാൻഡ്‌സെറ്റിന്‍റെ ഹൃദയം. റെഡ്‍മി നോട്ട് 14 എസ്ഇ 5ജിയിൽ വാഗ്ദാനം ചെയ്യുന്ന വെർച്വൽ റാം എക്സ്പാൻഷനും ഇതിൽ ഉൾപ്പെടുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50-മെഗാപിക്സൽ സോണി എല്‍വൈറ്റി-600 പ്രൈമറി സെൻസറും ഇതിൽ ഉൾപ്പെടും. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറ സജ്ജീകരണത്തിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്യുവൽ സ്റ്റീരിയോ സ്‍പീക്കറുകൾ, 300 ശതമാനം വരെ വോളിയം ബൂസ്റ്റ്, ഡോൾബി അറ്റ്‌മോസിനുള്ള പിന്തുണ തുടങ്ങിയവയും ഫോണിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടർബോചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,110 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 14 എസ്ഇ 5ജിയിൽ നൽകുക എന്നാണ് റിപ്പോർട്ടുകൾ. നാല് വർഷത്തെ ആയുസ് വാഗ്‍ദാനം ചെയ്യുന്ന ടിയുവി എസ്‌യുഡി സർട്ടിഫൈഡ് ബാറ്ററിയാണിത്.