Latest News

നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം

 നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ തന്നെ ചോദ്യോത്തര വേളയിൽ ബഹളം. പ്രതിപക്ഷം 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ പട്ടികയിൽ നിന്ന് മാറ്റിയത് സംബന്ധിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. സംസ്ഥാന – രാജ്യ താത്പര്യം മുൻനി‍ർത്തിയുള്ള ചോദ്യങ്ങൾ അപ്രധാനമാക്കിയെന്നും പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കിയെന്നും വിഡി സതീശൻ വിമർശിച്ചു. എന്നാൽ സഭയിൽ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓർമ്മിപ്പിച്ച സ്പീക്കർ, ചട്ടലംഘനം ഇല്ലെന്നും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും മറുപടി നൽകി.

സഭാ ചട്ടം അനുസരിച്ച് സ്പീക്കർക്ക് വിവേചനാധികാരമുണ്ടെന്നും കാരണം വിശദീകരിക്കേണ്ടതില്ലെന്നും എഎൻ ഷംസീർ പറഞ്ഞു. സ്പീക്കറുടെ വിശദീകരണത്തിന് ശേഷവും പ്രതിഷേധം തുടർന്നു. ക്രമസമാധാന ചുമതല ഉള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് പ്രധാനമല്ലേയെന്നും അതിൽ സംസ്ഥാന താത്പര്യം ഇല്ലേയെന്നും വിഡി സതീശൻ ചോദിച്ചെങ്കിലും മറുപടി നൽകാതെ സ്പീക്കർ ചോദ്യോത്തോര വേളയിലേക്ക് കടന്നു.

ദുരിതാശ്വാസ നിധി ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. ദുരിതാശ്വാസ നിധി വിനിയോഗത്തിന് കൃത്യമായ ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടെന്നും സുതാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ ഡയസിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സർക്കാരിന് ഒരു ചോദ്യത്തിനും ഉത്തരം മറച്ച് വക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇതിനിടെ പ്രതികരിച്ചു. ഒരു ഫയലും മുഖ്യമന്ത്രിയുടെ ഓഫീസ് കാണാതെ പോകില്ല. സ്പീക്കർക്കെതിരെ ഇത്തരം പ്രതിഷേധം ശരിയോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും അദ്ദേഹം ചോദിച്ചു.

പ്രതിഷേധം ശരിയല്ലെന്നും സീറ്റിലിരുന്നാൽ മാത്രമേ മൈക് ഓൺ ചെയ്യൂവെന്നും പ്രതിഷേധിച്ച പ്രതിപക്ഷ നിരയോട് സ്പീക്കർ പറഞ്ഞു. കൂടിനിന്ന പ്രതിപക്ഷ അംഗങ്ങളോട് നിങ്ങളിലാരാണ് പ്രതിപക്ഷ നേതാവെന്നും സ്പീക്കർ ചോദിച്ചു. ഇതിൽ പ്രതിഷേധിച്ച വിഡി സതീശൻ സ്പീക്കറുടേത് അപക്വമായ നിലപാടെന്നും കുറ്റപ്പെടുത്തി. കസേരയിലിരുന്ന് ചോദിക്കാൻ പാടില്ലാത്ത ചോദ്യമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സ്പീക്കർ പദവിക്ക് അപമാനമാണെന്നും ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണ് പ്രതിപക്ഷമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes