ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ ഒന്നിച്ച് പറത്താന്‍ നാസയുടെ ‘സ്കൈഫാള്‍’ മാര്‍സ് മിഷന്

സങ്കീര്‍ണമായ പ്രതലമുള്ള ചൊവ്വ ഗ്രഹത്തില്‍ കൂളായി പറന്നിറങ്ങുമോ ആ ആറ് ഹെലികോപ്റ്ററുകള്‍? ചൊവ്വാ പര്യവേഷണങ്ങളില്‍ നാളിതുവരെ നടന്ന ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്നിന് തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ എയ്റോവൈറോൺമെന്റും. ‘സ്കൈഫാള്‍’ (Skyfall) എന്നാണ് ഈ ദൗത്യത്തിന്റെ പേര്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്ന് ചുവന്ന ഗ്രഹത്തിന്റെ പ്രതലത്തിലേക്ക് ഊഴ്ന്നിറങ്ങുന്ന ആറ് ഹെലികോപ്റ്ററുകളാണ് സ്കൈഫാള്‍ ദൗത്യത്തിലുണ്ടാവുക. ദൗത്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എയ്റോവൈറോൺമെന്റുമായി ചേര്‍ന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തുടക്കമിട്ടുകഴിഞ്ഞു. യുഎസ് സൈന്യത്തിന് ചെറിയ ഡ്രോണുകള്‍ വിതരണം ചെയ്യുന്ന മുൻനിര കമ്പനിയാണ് ആർലിങ്ടൺ ആസ്ഥാനമായുള്ള എയ്റോവൈറോൺമെന്റ്.
എന്താണ് സ്കൈഫാള്‍ ചൊവ്വാ ദൗത്യം?
പേരില്‍ തന്നെ കൗതുകമുള്ള സ്കൈഫാള്‍ എന്ന അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (UAV) ദൗത്യത്തിന് തയ്യാറെടുക്കുകയാണ് നാസ എന്നാണ് പുതിയ റിപ്പോര്‍ട്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചൊവ്വയുടെ ആകാശത്ത് നിന്ന് താഴേക്ക് പറന്നിറങ്ങുന്ന ആറ് ഹെലികോപ്റ്ററുകള്‍ അഥവാ ഡ്രോണുകളാണ് സ്കൈഫാള്‍ ദൗത്യത്തിന്റെ പ്രധാന ആകര്‍ഷണം. നാസയുടെ റോബോട്ടിക് ദൗത്യങ്ങളുടെ ചുമതലയുള്ള ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, എയ്റോവൈറോൺമെന്റുമായി ചേര്‍ന്ന് ഈ ഡ്രോണുകള്‍ അണിയിച്ചൊരുക്കും. ആറ് അടുത്ത തലമുറ ചൊവ്വാ ഹെലികോപ്റ്ററുകള്‍ വിന്യസിച്ച് ചൊവ്വയില്‍ പുത്തന്‍ ലാന്‍ഡിംഗ് സ്റ്റേഷനുകള്‍ കണ്ടെത്തുക, പരീക്ഷണങ്ങള്‍ നടത്തുക, ചിത്രങ്ങള്‍ അടക്കമുള്ള തത്സമയ വിവരങ്ങള്‍ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയക്കുക, പ്രഥമ ചൊവ്വാ മനുഷ്യ ദൗത്യത്തിന് വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങളാണ് നാസയുടെ സ്കൈഫാള്‍ ദൗത്യത്തിനുള്ളത്.
ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ വിന്യസിച്ച്, അമേരിക്കയുടെ ആദ്യ മനുഷ്യ ചൊവ്വാ പര്യടനത്തിനായി നാസയും വ്യാവസായിക പങ്കാളികളും ഇതുവരെ കണ്ടെത്തിയ ലാന്‍ഡിംഗ് സൈറ്റുകളില്‍ ഗവേഷണം നടത്തുകയാണ് സ്കൈഫാള്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എയ്റോവൈറോൺമെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി ക്യാപ്സൂളാവും ആറ് ഹെലികോപ്റ്ററുകളും വിന്യസിക്കുക. ഇത് വലിയ ചിലവ് കുറയ്ക്കലിനൊപ്പം ലാന്‍ഡിംഗ് പ്ലാറ്റ്ഫോമിന്റെ ആവശ്യകതയും ഒഴിവാക്കും. മുന്‍കാല ചൊവ്വാ ദൗത്യങ്ങളില്‍ വലിയ ചിലവും സങ്കീര്‍ണവുമായ ഒന്നായിരുന്നു മാര്‍സ് ലാന്‍ഡിംഗ് പ്ലാറ്റ്ഫോമുകളുടെ ആവശ്യകത. പാറക്കെട്ടുകള്‍ നിറഞ്ഞ് പ്രതികൂലമായ ചൊവ്വയിലെ ലാന്‍ഡിംഗ് സാഹചര്യങ്ങള്‍ മുന്‍ ദൗത്യങ്ങള്‍ ശ്രമകരമാക്കിയിരുന്നു.
ആറ് ഹെലികോപ്റ്ററുകളുടെയും ലക്ഷ്യങ്ങള്‍
ചൊവ്വയുടെ അന്തരീക്ഷത്തില്‍ വിന്യസിക്കപ്പെട്ട് കഴിഞ്ഞാല്‍ ഓരോ ഹെലികോപ്റ്ററുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ഭൂമിയിലേക്ക് ചൊവ്വയുടെ ഹൈ-റെസലൂഷന്‍ പ്രതല ചിത്രങ്ങള്‍ അയക്കുക ഈ ഹെലികോപ്റ്ററുകളുടെ ചുമതലകളിലൊന്നാണ്. ചുവന്ന ഗ്രഹത്തിന്റെ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രതലത്തിനുള്ളിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന റഡാര്‍ ഡാറ്റകള്‍ അയക്കുകയാണ് മറ്റൊരു ലക്ഷ്യം. ഈ വിവരം ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗിന് നിര്‍ണായകമാണ്. നാളിതുവരെയുള്ള ചൊവ്വാ ദൗത്യങ്ങളിലെ ഏറ്റവും ചിലവ് കുറഞ്ഞതും വേഗമാര്‍ന്നതുമായ സാങ്കേതികവിദ്യയായിരിക്കും സ്കൈഫാള്‍ എന്നാണ് എയ്റോവൈറോൺമെന്റിന്റെ അവകാശവാദം. സ്കൈഫാള്‍ ചൊവ്വ ദൗത്യത്തിനായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുമായി ചേര്‍ന്ന് എയ്റോവൈറോൺമെന്റ് പ്രവര്‍ത്തനം തുടങ്ങി. 2028ല്‍ സ്കൈഫാള്‍ ദൗത്യം വിക്ഷേപിക്കാനാകും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. എങ്കിലും കൃത്യമായ തീയതി ഉറപ്പിച്ചിട്ടില്ല.