ബിസിനസ് ലോകത്ത് അഭിമാന നേട്ടവുമായി ശേലേഷ് ജെജുരികർ; പി&ജിയുടെ അടുത്ത സിഇഒ

മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ് ജെജുരികർ അടുത്ത വർഷം ജനുവരിയോടെ പി ആൻ്റ് ജി കമ്പനിയുടെ സിഇഒയായി ചുമതലയേൽക്കും. നിലവിലെ സിഇഒ ജോൺ മോളർ സ്ഥാനം ഒഴിയുന്നതോടെ ആഗോള ഭീമൻ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യാക്കാരുടെ നിരയിലേക്ക് ശൈലേഷും എത്തുക. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് വിപണിയിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് അമേരിക്ക ആസ്ഥാനമായ പ്രോക്ടർ ആൻ്റ് ഗാംബിൾ എന്ന പി & ജി. ജോൺ മോളർ ജനുവരിയിൽ കമ്പനിയുടെ എക്സിക്യുട്ടീവ് ചെയർമാനായി സ്ഥാനമേൽക്കുമെന്ന് കമ്പനി അറിയിച്ചു. മുൻനിശ്ചയിച്ച പ്രകാരമുള്ള നേതൃമാറ്റത്തിലേക്കാണ് കമ്പനി നീങ്ങുന്നത്. കമ്പനിയുടെ സിഒഒ ആയി പ്രവർത്തിക്കുന്ന ശൈലേഷിന് ഇപ്പോൾ 58 വയസാണ് പ്രായം. മുംബൈയിൽ ജനിച്ചുവളർന്ന അദ്ദേഹം ഐഐഎം ലക്‌നൗവിൽ നിന്ന് എംബിഎ പാസായ അദ്ദേഹം ജനുവരി ഒന്നിന് കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കും. 1989 ലാണ് ജെജുരികർ കമ്പനിയിൽ അസിസ്റ്റൻ്റ് ബ്രാൻ്റ് മാനേജറായി ജോലിക്ക് ചേർന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ, നോർത്ത് അമേരിക്ക തുടങ്ങിയ പല മേഖലകളിലായി കമ്പനിയുടെ കുതിപ്പിൽ നിർണായക പങ്ക് വഹിച്ചാണ് ജെജുരികർ മുന്നോട്ട് പോയത്. 2005 ൽ കമ്പനിയിൽ ജനറൽ മാനേജറായ അദ്ദേഹം 2018 ൽ വൈസ് പ്രസിഡൻ്റായി.
2010 കാലത്ത് നോർത്ത് അമേരിക്കയിൽ കമ്പനിയുടെ ഹോം കെയർ ഉൽപ്പന്നങ്ങളുടെ ചുമതലയിലായിരുന്നു. 2014 ൽ അദ്ദേഹം ഫാബ്രിക് കെയർ ഉൽപ്പന്ന വിഭാഗങ്ങളുടെ പ്രസിഡൻ്റായി. പി&ജിയുടെ ഗ്ലോബൽ ഫാബ്രിക് ആൻ്റ് ഹോം കെയർ എന്ന ലോകത്തെ ഏറ്റവും വലിയ ബിസിനസ് യൂണിറ്റിൻ്റെ സിഇഒ ആയി അദ്ദേഹം 2019 ൽ സ്ഥാനമേറ്റിരുന്നു. 2021 മുതലാണ് കമ്പനിയുടെ സിഒഒ ആയി പ്രവർത്തിച്ചു തുടങ്ങിയത്. പി&ജി കമ്പനി സ്ഥാപിതമായ 1837 ന് ശേഷം അമേരിക്കയ്ക്ക് പുറത്ത് നിന്ന് ഒരാൾ കമ്പനിയുടെ സിഇഒ ആയി സ്ഥാനമേൽക്കുന്നത് ഇത് രണ്ടാം തവണയാണ്. നെതർലൻ്റുകാരനായ ഡുർക് ജാഗറാണ് ഈ പദവിയെലെത്തിയ അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള ആദ്യത്തെയാണ്. 1998 ലായിരുന്നു ഇത്. അമേരിക്കയിലെ സിൻസിനാറ്റി സെൻ്റർ സിറ്റി ഡെവലപ്മെൻ്റ് കോർപറേഷൻ ചെയർമാൻ, ഓടിസ് ഇലവേറ്റർ കമ്പനി ബോർഡ് മെമ്പർ, ദി ക്രൈസ്റ്റ് ആശുപത്രി ബോർഡ് അംഗം തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്