എം.ടിയുടെ വീട്ടിലെ മോഷണം: പ്രതികളെ കുടുക്കിയത് ആഡംബര വിവാഹവും വീടുപണിയും
കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചത് വീട്ടിലെ പാചകക്കാരി ശാന്തയെന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് ആഡംബര വിവാഹവും വീട് പണിയും. ലോക്കര്‍ പൊട്ടിക്കാതെ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന് സ്വര്‍ണം എടുത്തതിനാല്‍ സ്വര്‍ണം മോഷ്ടിച്ചത് വീടുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തത്. പാചക്കാരി ശാന്തയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ തോന്നിയതോടെ ഇവരെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയായിരുന്നു.
ഈ അടുത്തിടെയായി വീട് നന്നാക്കിയതും മകളുടെ വിവാഹം ആഡംബരമായി നടത്തിയെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. സെപ്റ്റംബറില്‍ മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങിയത് എവിടെ നിന്നെന്ന് ചോദിച്ചപ്പോള്‍ മിഠായിത്തെരുവിലെ ജ്വല്ലറിയില്‍ നിന്നാണെന്നായിരുന്നു മറുപടി. എന്നാല്‍ ജ്വല്ലറിയുടെ പേര് പറഞ്ഞില്ല. പണം എവിടെനിന്ന് കിട്ടിയെന്ന ചോദ്യത്തിനും കൃത്യമായ മറുപടി നല്കാന് ശാന്തക്കായില്ല. ശാന്തയുടെ മകള്‍ പറഞ്ഞ ജ്വല്ലറിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ ശാന്ത സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്നും കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് സുകുമാരനാണെന്നും ജ്വല്ലറിക്കാര് അറിയിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ പേര് പറഞ്ഞ് ബന്ധുവായ പ്രകാശനെയാണ് ജ്വല്ലറിയില്‍ കൊണ്ടുപോയതെന്നു പോലീസ് കണ്ടെത്തി.
ഫോണില്‍നിന്ന് ലഭിച്ച തെളിവുകളും പ്രകാശനും ശാന്തയ്ക്കും എതിരായി. പ്രകാശനെ പിടികൂടാന്‍ വട്ടോളിയിലെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാനും ശ്രമിച്ചെന്നും പോലീസ് പറഞ്ഞു. കൊട്ടാരം റോഡിലെ എം.ടി വാസുദേവന്‍ നായരുടെ സിതാര എന്ന വീട്ടില്‍ നിന്നും അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഇരുപത്താറ് പവന് സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട് പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.