87,000 രൂപ വരെ മാസം സമ്പാദ്യം; അധികമുള്ള മുലപ്പാൽ വിറ്റ് വരുമാനമാക്കി അമേരിക്കയിലെ അമ്മമാർ

അമേരിക്കയിലുടനീളം മുലയൂട്ടൽ നിരക്ക് വർദ്ധിച്ചതോടെ അധിക മുലപ്പാൽ വരുമാനസ്രോതസാക്കി മാറ്റുകയാണ് കൂടുതൽ അമ്മമാർ. ദി ടൈംസ് യുകെയുടെ റിപ്പോർട്ട് അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രധാനമായും മുലപ്പാൽ വിൽപ്പന ഉറപ്പിക്കുന്നത്. ഇതിലൂടെ പ്രതിമാസം ആയിരം ഡോളർ വരെ വരുമാനം കണ്ടെത്തുന്ന അമ്മമാർ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ അനൗദ്യോഗിക മുലപ്പാൽ വ്യാപാരം പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും ആണ് നടക്കുന്നത്. കൂടാതെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പോലുള്ള വ്യക്തികളുടെ പിന്തുണയും അധികമുള്ള മുലപ്പാൽ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് അമ്മമാരെ പ്രേരിപ്പിച്ചിട്ടുണ്ട്.
ദ ടൈംസ് യുകെയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് മിനസോട്ടയിൽ നിന്നുള്ള 33 വയസ്സുള്ള അധ്യാപികയും അഞ്ച് കുട്ടികളുടെ അമ്മയുമായ എമിലി എംഗർ ഈ സംരംഭത്തിലെ മുൻനിര പങ്കാളികളിൽ ഒരാളാണ്. തൻറെ കുട്ടികൾക്ക് പുറമേ ഒരു ഡസനിലധികം മറ്റു കുഞ്ഞുങ്ങൾക്കും താൻ പാൽ നൽകിയിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്. ഓരോ തവണ തന്റെ കുഞ്ഞു പാല് കുടിച്ചു കഴിയുമ്പോഴും എട്ടു മുതൽ പത്ത് ഔൺസ് വരെ മുലപ്പാൽ അധികമായി വരുമായിരുന്നു എന്നും ഇവർ പറയുന്നു. 2022 -ൽ അമേരിക്കയിലുണ്ടായ ബേബി ഫോർമുല പ്രതിസന്ധിയെ തുടർന്നാണ് അധികം വരുന്ന മുലപ്പാൽ വിൽപ്പന നടത്തുന്ന പ്രവണതയ്ക്ക് പ്രചാരം വർദ്ധിച്ചത്. മലിനീകരണ ആശങ്കകൾ കാരണം ഒരു പ്രധാന ന്യൂട്രീഷൻ പ്ലാന്റ് അടച്ചുപൂട്ടിയതോടെയാണ് ബേബി ഫോർമുല വിൽപ്പനയിൽ പ്രതിസന്ധി അനുഭവപ്പെട്ടത്. ഇതിന്റെ ഫലമായി, 33,000 -ത്തിലധികം അംഗങ്ങളുള്ള ‘ബ്രസ്റ്റ്മിൽക്ക് കമ്മ്യൂണിറ്റി ഫോർ ഓൾ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പോലുള്ള ഓൺലൈൻ കമ്മ്യൂണിറ്റികൾ രൂപം കൊള്ളുകയും മുലപ്പാലിന് ആവശ്യക്കാർ ഏറി വരികയും ചെയ്തു.
മുലപ്പാലിന്റെ പോഷക ഗുണത്തെ മറികടക്കാൻ മറ്റൊന്നിനും കഴിയുകയില്ല എന്നാണ് ഫ്ലോറിഡയിൽ നിന്നുള്ള 36 വയസ്സുള്ള ബ്രയാന വെസ്റ്റ്‌ലാൻഡ് പറയുന്നത്. തന്റെ മകൾക്ക് മുലപ്പാൽ വാങ്ങാൻ പ്രതിമാസം ഏകദേശം 1,200 ഡോളർ ചെലവഴിക്കുന്നുണ്ടെന്നും ഇവർ ടൈംസ് യുകെയോട് സംസാരിക്കവേ പറഞ്ഞു. ആരോഗ്യകാര്യത്തിലുള്ള ചില അപകടസാധ്യതകൾ കാരണം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനൗപചാരികമായി മുലപ്പാലിന്റെ വിൽപ്പന നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും, ഈ വ്യാപാരം നിയമവിരുദ്ധമല്ല. വാങ്ങുന്നവർ വിൽക്കുന്നയാളുടെ ആരോഗ്യം, ജീവിതശൈലി, വാക്സിനേഷൻ നില എന്നിവയെ കുറിച്ച് സ്വമേധയാ അന്വേഷിച്ചുറപ്പാക്കുകയാണ് ചെയ്യുന്നത്.