ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കും

ഐഫോണ്‍ ഫോള്‍ഡിനായുള്ള കാത്തിരിപ്പ് 2026 സെപ്റ്റംബറില്‍ അവസാനിക്കും എന്നാണ് പുതിയ റൂമറുകള്‍ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം ഐഫോണ്‍ 18 ലൈനപ്പിനൊപ്പം ഈ ഫോള്‍ഡബിളും വിപണിയില്‍ അവതരിപ്പിക്കപ്പെടും എന്ന് ജെപി മോര്‍ഗനാണ് മാര്‍ക്കറ്റ് റിസര്‍ച്ച് നോട്ടിലൂടെ ആദ്യ സൂചന പുറത്തുവിട്ടത്. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 ശ്രേണിക്കൊപ്പം ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണും വിപണിയിലെത്തും എന്നാണ് സൂചനകള്‍. നിലവില്‍ ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റ് വിപണി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങിന്‍റെ കുത്തകയാണ്. ഈ സെഗ്മെന്‍റില്‍ സാംസങ്ങിന്‍റെ കുതിപ്പിന് തടയിടാന്‍ എത്രയും വേഗം, മികച്ച സ്പെസിഫിക്കേഷനുകളോടെ ഫോള്‍ഡബിള്‍ ഇറക്കാതെ ആപ്പിളിന് മറ്റ് മാര്‍ഗങ്ങളില്ല. ഫോള്‍ഡബിള്‍ ഐഫോണിന്‍റെ വില അമേരിക്കയില്‍ 1,999 ഡോളറിലാണ് (ഏകദേശം 1,74,000 ഇന്ത്യന്‍ രൂപ) ആരംഭിക്കുക എന്ന് ജെപി മോര്‍ഗന്‍ പ്രവചിക്കുന്നു. 2028-ഓടെ 45 ദശലക്ഷം (4.5 കോടി) ഫോള്‍ഡബിള്‍ ഐഫോണുകള്‍ വില്‍ക്കപ്പെടും എന്നും കണക്കാക്കുന്നു. മുമ്പ് വന്ന ലീക്കുകള്‍ അവകാശപ്പെട്ടിരുന്നത് ഐഫോണ്‍ ഫോള്‍ഡബിളിന്‍റെ ബേസ് വേരിയന്‍റിന്‍റെ വില 2,300 അമേരിക്കന്‍ ഡോളര്‍ അഥവാ ഏകദേശം 1,99,000 ഇന്ത്യന്‍ രൂപയായിരിക്കും എന്നായിരുന്നു.
ബുക്ക്-സൈറ്റിലാണ് ഫോള്‍ഡബിള്‍ ഐഫോണ്‍ വിപണിയിലെത്തുക എന്നാണ് സ്ഥിരീകരിക്കാത്ത സൂചനകള്‍. 7.8 ഇഞ്ച് ഇന്നര്‍ ഡിസ്പ്ലെയും 5.5 ഇഞ്ച് ഔട്ടര്‍ ഡിസ്പ്ലെയും പ്രതീക്ഷിക്കുന്നു. തുറന്നിരിക്കുമ്പോള്‍ 4.6 എംഎം കട്ടിയും അടയ്ക്കുമ്പോള്‍ 9.2 എംഎം കട്ടിയുമാണ് ഐഫോണ്‍ ഫോള്‍ഡബിളിന് പറയപ്പെടുന്നത്. ടൈറ്റാനിയം ചേസിസും, ഡുവല്‍ ക്യാമറ സജ്ജീകരണവും, ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡിയും ആപ്പിളിന്‍റെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണില്‍ വരുമെന്നും ലീക്കുകള്‍ അവകാശപ്പെടുന്നു. അതേസമയം, ആപ്പിളിന്‍റെ ഐഫോണ്‍ 17 ലൈനപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങും. നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഐഫോണ്‍ 17 ശ്രേണിയില്‍ ആപ്പിള്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 17 നിരയില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണുണ്ടാവുക. ഇതിലെ എയര്‍ മോഡല്‍ പഴയ പ്ലസ് വേരിയന്‍റിന് പകരമെത്തുന്ന സ്ലിം ഫോണായിരിക്കും. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണായിരിക്കും 17 എയര്‍.