Latest News

‘നൈസാര്‍ ഉപഗ്രഹം പ്രകൃതി ദുരന്തങ്ങളെ നമ്മൾ മനസിലാക്കുന്ന രീതി മാറ്റിമറിക്കും’

 ‘നൈസാര്‍ ഉപഗ്രഹം പ്രകൃതി ദുരന്തങ്ങളെ നമ്മൾ മനസിലാക്കുന്ന രീതി മാറ്റിമറിക്കും’

നൈസാര്‍ കൃത്രിമ ഉപഗ്രഹം പ്രകൃതി ദുരന്തങ്ങളെ നമ്മൾ മനസിലാക്കുന്ന രീതി തന്നെ മാറ്റിമറിക്കുമെന്ന് നാസ ശാസ്ത്രജ്ഞൻ പോൾ റോസൻ. കൂടുതൽ മികച്ച ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നൈസാര്‍ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ സഹായിക്കും. ഭൂകമ്പങ്ങളെ നേ‍‌രത്തെ പ്രവചിക്കാൻ ആകണമെന്നില്ല, എങ്കിലും ഭൂകമ്പ സാധ്യത പ്രദേശങ്ങളെ മനസിലാക്കാൻ എന്‍ ഐ സാറിന് കഴിയും. അപകടസാധ്യത മേഖലയിൽ വേണ്ട മുൻകരുതലുകൾ എടുക്കാൻ സാധിക്കും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾക്കൊപ്പം NISAR വിവരങ്ങൾ കൂടി ചേരുമ്പോൾ മികച്ച ഫലം ലഭിക്കുമെന്നും ഉപഗ്രഹ വിക്ഷേപണത്തിന് പിന്നാലെ പോൾ റോസൻ വ്യക്തമാക്കി. ഐഎസ്ആര്‍ഒ- നാസ സഹകരണത്തില്‍ നിര്‍മ്മിച്ച് ബഹിരാകാശത്തേക്ക് അയച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. നൈസാര്‍ ദൗത്യത്തില്‍ നാസയിൽ നിന്നുള്ള പദ്ധതി മേധാവിയാണ് പോൾ റോസൻ.

നൈസാര്‍ ഉപഗ്രഹ ദൗത്യം
ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് ജിഎസ്എല്‍വി-എഫ്16 റോക്കറ്റ് നൈസാര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ എന്‍ ഐ സാറിന് 13,000 കോടിയിലേറെ രൂപയാണ് ആകെ ചെലവ്. ഈ തുക ഇസ്രൊയും നാസയും പങ്കുവെക്കുന്നു. 2,400 കിലോഗ്രാം ഭാരമുള്ള എന്‍ ഐ സാര്‍ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും, ദുരന്ത നിവാരണത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാര്‍ഷിക മേഖലയിലും നൈസാര്‍ കൃത്രിമ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.

ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം നൈസാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ കൃത്യമായി പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും റഡാറുകള്‍ ഒപ്പിയെടുക്കും. ഇതിന് പുറമെ കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈ‌ർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാര്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ സൂക്ഷ്‌മമായി പകര്‍ത്തും. ഈ പരിശോധനയില്‍ തെളിയുന്ന കണ്ടെത്തലുകള്‍ പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സഹായകമാകും. നൈസാര്‍ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ഉപയോഗത്തിനായി സൗജന്യമായി ഇസ്രൊയും നാസയും ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes