Latest News

‘ഗാസയിൽ പട്ടിണി അതിരൂക്ഷം’; 16 മില്യൺ ഡോളർ സഹായമെത്തിച്ചെന്നും ഡോണൾഡ് ട്രംപ്

 ‘ഗാസയിൽ പട്ടിണി അതിരൂക്ഷം’; 16 മില്യൺ ഡോളർ സഹായമെത്തിച്ചെന്നും ഡോണൾഡ് ട്രംപ്

ഗാസ പട്ടിണിയിലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ 16 മില്യൺ ഡോളർ സഹായമെത്തിച്ചുവെന്നും എന്നാൽ അതിൽ പ്രയോജനമുണ്ടായില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഗാസയിലെ പട്ടിണി അതിരൂക്ഷമായ അവസ്ഥയിലാണ്. ആഴ്ചകൾക്ക് മുമ്പ് തന്നെ അമേരിക്ക ധനസഹായം അയച്ചതാണ്. എന്നാൽ ഭക്ഷണവും പണവും ഹമാസ് കൈക്കലാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സഹായത്തിൽ ആരും നന്ദി പറഞ്ഞ് കണ്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദത്തെ തള്ളുകയാണ് ഡോണൾഡ് ട്രംപ്. ഗാസയിലെ പട്ടിണി അതിരൂക്ഷമായ അവസ്ഥയിലാണെന്നും ഗാസയോടുള്ള ഇസ്രയേലിന്റെ സമീപനം പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശവും അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചു. പുതിയ സഹായ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ​ഗാസയിലെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ പരിശോധിക്കുന്നതിനായി യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇസ്രായേലിലെ അംബാസഡർ മൈക്ക് ഹക്കബിയും വെള്ളിയാഴ്ച ഗാസയിലേക്ക് പോകുമെന്നും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.

അതേസമയം, പലസ്തീനിലെ സ്വയംഭരണ സംഘടനകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. പലസ്തീൻ അതോറിറ്റി, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നീ സംഘടനകൾക്കാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. ഗാസയിലെ സമാധാനശ്രമങ്ങൾക്ക് തടസം നിൽക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. പലസ്തീൻ തീവ്രവാദികൾക്കും കുടുംബങ്ങൾക്കും സംരക്ഷണം നൽകുന്നുവെന്നും ദേശീയസുരക്ഷ കണക്കിലെടുത്താണ് ഉപരോധത്തിലേക്ക് കടന്നതെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. യാത്രാവിസ നിഷേധിക്കുന്നതടക്കമുള്ള നടപടികൾ ഉപരോധത്തിന്‍റെ ഭാഗമായുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes