ദി കഞ്ചുറിങ് ; ലാസ്റ്റ് റൈറ്റ്സ് ട്രെയ്‌ലർ റിലീസ് ചെയ്തു

ഭീതി കൊണ്ട് ആഗോള സിനിമാ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയ കഞ്ചുറിങ് സിനിമാ പരമ്പരയിലെ നാലാമത്തെയും അവസാനത്തേതും ചിത്രമായ ദി കഞ്ചുറിങ് ; ലാസ്റ്റ് റൈറ്റ്സിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മൂന്നാം ചിത്രവും കഞ്ചുറിങ് യൂണിവേഴ്‌സിൽ തന്നെ ഉൾപ്പെടുന്ന ദി കഴ്സ് ഓഫ് ലാ ലോർണ, ദി നൺ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്ത മൈക്കിൾ ഷെവ്സ് തന്നെയാണ് ദി കഞ്ചുറിങ് ; ലാസ്റ്റ് റൈറ്റ്‌സും ഒരുക്കുന്നത്.
വാർണർ ബ്രോസിന്റ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയ്‌ലർ ഇതിനകം ലക്ഷക്കണക്കിന് ആരാധകരാണ് കണ്ടുകഴിഞ്ഞത്. മുൻചിത്രങ്ങളിലെ പോലെ തന്നെ ഇത്തവണയും എക്‌സോർസിസ്റ്റ് ദമ്പതികളായ വാറൻ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രേതപിടിയന്മാർ ആയ ഇരുവരും ഇത്തവണ പതിവിൽ നിന്ന് വിപരീതമായി സ്വന്തം വീട്ടിൽ നിന്നുമാണ് പ്രേത ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വേര ഫാർമിഗ, പാട്രിക്ക് വിൽസൺ, ടൈസ്സ ഫാർമിഗ, മിയ ടോമിൽസൺ, ബെൻ ഹാർഡി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഡേവിഡ് ലെസ്ലി ജോൺസൻ മക്ക് ഗോൾഡ്രിക്ക്, ജെയിംസ് വാൻ എന്നിവരും ചേർന്നാണ് ദി കഞ്ചുറിങ് ; ലാസ്റ്റ് റൈറ്റ്സിന്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.