Latest News

ജോലി പോയത് 24500 ടെക്കികൾക്ക്! ജൂലൈയിൽ ഐടി കമ്പനികളില്‍ റെക്കോർഡ് പിരിച്ചുവിടൽ

 ജോലി പോയത് 24500 ടെക്കികൾക്ക്! ജൂലൈയിൽ ഐടി കമ്പനികളില്‍ റെക്കോർഡ് പിരിച്ചുവിടൽ

ടെക് മേഖലയിൽ 2025 ജൂലൈ മാസത്തിലുണ്ടായത് വമ്പൻ പിരിച്ചുവിടലുകൾ. സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ നടന്നത് ഇക്കഴിഞ്ഞ മാസമാണ് എന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റ് മുതൽ ഇന്‍റൽ വരെയുള്ള നിരവധി ടെക് ഭീമന്മാർ ഇക്കാലയളവിൽ വ്യാപക പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസും ഇതേ കാലളവില്‍ ലേഓഫ് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ജോലിക്കാരെ പിരിച്ചുവിട്ടത് ജൂലൈയിൽ ആണെന്നും 26 കമ്പനികൾ 24,500 ജീവനക്കാരെ ഒഴിവാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

ടിസിഎസും പിരിച്ചുവിടല്‍ വഴിയേ
ആഗോളതലത്തിൽ നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ജൂലൈ ആദ്യം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ജോലികൾ വെട്ടിക്കുറച്ചത് പല പ്രദേശങ്ങളിൽ ഉടനീളമുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ ബാധിച്ചതായി പറയപ്പെടുന്നു. മറ്റൊരു അമേരിക്കന്‍ ടെക് ഭീമനായ ഇന്‍റൽ യുഎസിലെ നാല് സംസ്ഥാനങ്ങളിലായി 5,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. അതേസമയം ടാറ്റ കൺസൾട്ടൻസി സർവീസസ് ( ടിസിഎസ് ) തങ്ങളുടെ 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. ജൂലൈ 27-നാണ് ടിസിഎസ് തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം പേരെ ലേഓഫ് ബാധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത് 12,000-ത്തിലധികം ജീവനക്കാര്‍ക്ക് തൊഴിൽ നഷ്‌ടത്തിന് കാരണമായി.

മൈക്രോസോഫ്റ്റിന്‍റെ പിരിച്ചുവിടലുകള്‍
അതേസമയം, മൈക്രോസോഫ്റ്റ് ഈ വർഷം ആദ്യമായല്ല ജോലികൾ വെട്ടിക്കുറയ്ക്കുന്നത്. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ കമ്പനി ഒരു ശതമാനത്തിൽ താഴെ ജീവനക്കാരെ പിരിച്ചുവിടുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. മെയ് മാസത്തിൽ 6,000-ത്തിലധികം ജോലികളും ജൂണിൽ 300-ലധികം ജോലികളും വെട്ടിക്കുറച്ചു. 2023-ൽ 10,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിനുശേഷം മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ ആണിത്. ഉയർന്ന എക്സിക്യൂട്ടീവുകൾക്കും ഇൻഡിവിജ്വൽ കോണ്ട്രിബ്യുട്ടേഴ്സിനും ഇടയിലുള്ള മിഡിൽ മാനേജർമാരുടെ ലെയറുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് മൈക്രോസോഫ്റ്റ് ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്‍റലിന്‍റെ പിരിച്ചുവിടല്‍
യുഎസിലെ നാല് സംസ്ഥാനങ്ങളിലായി 5,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനുള്ള ഇന്‍റലിന്‍റെ തീരുമാനമാണ് മറ്റൊരു ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇന്‍റലിന്‍റെ പിരിച്ചുവിടലുകൾ യുഎസിൽ മാത്രമല്ല നടന്നതെന്നും കമ്പനി ഇസ്രയേലിലെ ശാഖയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. യുഎസിൽ, കാലിഫോർണിയ, ഒറിഗോൺ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ റിപ്പോർട്ട് ചെയ്തത്. ജൂലൈ 10-ന്, ഇൻഡീഡും ഗ്ലാസ്‌ഡോറും എഐയിലേക്ക് ചുവടുമാറുന്നതിന്‍റെ ഭാഗമായി ഏകദേശം 1,300 ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. ജൂലൈയിലെ ഈ തൊഴിൽ വെട്ടിക്കുറച്ചിലുകള്‍ അമേരിക്കയിലെ ലേബര്‍ രംഗത്തെ വലിയ തോതിൽ ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes