ഇനി നെറ്റ് വര്‍ക്ക് ഇല്ലെങ്കിലും വാട്‌സ്ആപ്പ് കോള്‍ ചെയ്യാം; ഗൂഗിള്‍ പിക്‌സല്‍ 10 ലോകത്തെ ആദ്യ ഫോണ്‍

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അടുത്തിടെയാണ് ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും അവരുടെ ഏറ്റവും പുതിയ പിക്‌സല്‍ 10 സീരീസ് പുറത്തിറക്കിയത്. ഓഗസ്റ്റ് 28 മുതല്‍ വില്‍പ്പന ആരംഭിക്കും. നവീകരിച്ച ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും സഹിതം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം നെറ്റ്വര്‍ക്കിന്റെയോ വൈ-ഫൈയുടെയോ ആവശ്യമില്ലാതെ തന്നെ വാട്‌സ്ആപ്പ് കോള്‍ ചെയ്യാം എന്നതാണ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പിക്‌സല്‍ 10 സീരീസ് ഫോണില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനര്‍ത്ഥം ചില വിദൂര പ്രദേശങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കില്‍ നെറ്റ്വര്‍ക്ക് കുറവാണെങ്കില്‍ പോലും അടിയന്തര സാഹചര്യത്തില്‍ (എന്നാല്‍ നെറ്റ്വര്‍ക്ക് കവറേജ് ഇല്ലെങ്കില്‍) ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഫീച്ചര്‍. അടിയന്തര സാഹചര്യങ്ങളില്‍ ഇത് ഏറെ ഉപയോഗപ്രദമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ടെലികോം ഓപ്പറേറ്റര്‍മാര്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന പ്രദേശങ്ങളില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ എന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി സൗകര്യം ടെലികോം ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, സമീപഭാവിയില്‍ തന്നെ സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍ സൂചന നല്‍കിയിട്ടുണ്ട്.ഉപഗ്രഹം വഴി വാട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോളിങ് പ്രാപ്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ നിരയാണ് പിക്സല്‍ 10 സീരീസ് എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇതുവരെ, സാറ്റലൈറ്റ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകള്‍ SOS സന്ദേശമയയ്ക്കല്‍, പരിമിത കോളിങ്് പോലുള്ള ഫീച്ചറുകളെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. എന്നാല്‍ പിക്സല്‍ 10ല്‍ ഈ കണക്റ്റിവിറ്റി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആപ്ലിക്കേഷനായി വാട്‌സ്ആപ്പ് മാറുകയാണ്. വിദേശ യാത്ര ചെയ്യുന്ന ആളുകള്‍ക്കാണ് ഇത് വളരെയധികം പ്രയോജനകരമാകാന്‍ പോകുന്നത്.