ദേശീയ കായിക ദിനം: ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനെ സ്മരിച്ച് രാജ്യം

ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായിക ദിനം ആഘോഷിക്കുകയാണ്. 1928, 1932, 1936 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ, ‘ഇന്ത്യയുടെ ഹോക്കി മാന്ത്രികന്’ എന്നറിയപ്പെടുന്ന ധ്യാന്‍ ചന്ദിന്റെ സംഭാവനകളെ മാനിച്ച് 2012 മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ കായിക ദിനമായി ആചരിക്കാന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
രാജ്യത്ത് കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ കായികതാരങ്ങളുടെ മികവിനെ അംഗീകരിക്കുന്നതിനും
2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഖേലോ ഇന്ത്യ കായിക പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ദിവസമായി കൂടി കേന്ദ്രസര്‍ക്കാര്‍ ഈ ദിനത്തെ കാണുന്നുണ്ട്. ദേശീയ കായിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയില്‍ കായികക്ഷമതയുടെയും ശാരീരികക്ഷമതയുടെയും ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും അത്ലറ്റുകള്ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ആധുനിക പരിശീലന, മത്സര വേദികള്‍ വിപുലീകരിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബന്ധമായ സമീപനം പ്രധാനമന്ത്രി ആശംശ സന്ദേശത്തില്‍ പറഞ്ഞു.