നിക്ഷേപം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ ഗ്യാരണ്ടീഡ് പോസ്റ്റ് ഓഫീസ് പദ്ധതി

സേവിങ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിങ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം. പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തെ ടിഡിയില്‍ പോസ്റ്റ് ഓഫീസ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആയ 7.5 ശതമാനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച് ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ആദായനികുതി ഇളവിനും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 2.25 ലക്ഷം രൂപ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസിലെ ടിഡി സ്‌കീമില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 7,24,974 രൂപ ലഭിക്കും. ഇതില്‍ 2,24,974 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. പോസ്റ്റ് ഓഫീസിന്റെ ടിഡി സ്‌കീമില്‍ പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്. ഇതേ 7,24,974 രൂപ ഒരു അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി ടിഡി സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പലിശയായി മാത്രം 3,24,634 രൂപ കൂടി ലഭിക്കും. ഇതോടെ പത്തുവര്‍ഷം കഴിയുമ്പോള്‍ കൈയില്‍ കിട്ടുക 10,48,783 രൂപയായിരിക്കും. വീണ്ടും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നിക്ഷേപം നീട്ടിയാലോ? 15 വര്‍ഷം കൊണ്ട് മൊത്തം പലിശയായി മാത്രം 10,19,775 രൂപയാണ് ലഭിക്കുക. 15 വര്‍ഷം കൊണ്ട് കൈയില്‍ കിട്ടുക മൊത്തം 15,19,775 രൂപയായിരിക്കും. നിക്ഷേപ കാലാവധി കഴിഞ്ഞാല്‍ വീണ്ടും നീട്ടാന്‍ അപേക്ഷ നല്‍കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ക്രമീകരണം. അക്കൗണ്ട് കാലാവധി നീട്ടുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുന്ന ദിവസം ആ ടൈം ഡെപ്പോസിറ്റിന് നിലവിലുള്ള അതേ പലിശ നിരക്ക് തന്നെയായിരിക്കും ബാധകമാകുക എന്നത് ശ്രദ്ധിക്കേണ്ടതാണ്.