അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 250 മരണമെന്ന് റിപ്പോര്‍ട്ട്, കനത്ത നാശനഷ്ടം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 500ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെ ഭൂചലനമുണ്ടായത്. ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
നൂർഗൽ, സാവ്കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായി. വീടുകളും കെട്ടിടങ്ങളും തകർന്നു. ഒരു ഗ്രാമത്തിൽ മാത്രം 30ലേറെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
പാകിസ്താൻ- അഫ്ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശത്തും ഭൂചലനം ഉണ്ടായി. ആദ്യ ഭൂചലനത്തിന് പിന്നാലെ ശക്തമായ തുടർ ചലനങ്ങളുണ്ടായതായാണ് വിവരം. തുടര്‍ചലനം റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രകമ്പനം പാകിസ്താനിലും ഇന്ത്യയിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 2023 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ആയിരകണക്കിന് ആളുകളാണ് മരിച്ചത്.