Latest News

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

 പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി

ബെയ്ജിങ്: പഹല്‍ഗാം ഭീകരാക്രമണം പരാമർശിച്ചു ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടി പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ അംഗീകരിച്ചുകൊണ്ടുള്ളതാണ് പ്രസ്താവന. ഭീകരവാദികളെ കൂലിപ്പട്ടാളക്കാരായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഭീകരതയ്‌ക്കെതിരെ ഇരട്ടത്താപ്പ് പാടില്ല. ഈ വിപത്ത് ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, ചെറുക്കപ്പെടേണ്ടതാണെന്നും പ്രമേയത്തില്‍ പറയുന്നു.

പാകിസ്ഥാനില്‍ നടന്ന ട്രെയിന്‍ ആക്രമണവും, ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണവും ഷാങ്ഹായ് സഹകരണ ഉച്ചകോടി അപലപിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ എതിര്‍ത്ത ഉച്ചകോടി, എത്രയും വേഗം വെടിനിര്‍ത്തല്‍ സാധ്യമാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എസ് സി ഒ അംഗരാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയത്തില്‍ പാകിസ്ഥാനും ഒപ്പുവെക്കും. ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് കണ്ടതെന്നും നരേന്ദ്രമോദി പറഞ്ഞു. ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ സൗഹൃദ ചര്‍ച്ച നടന്നു. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ചൈനയിലെ ടിയാന്‍ജിനില്‍ തുടക്കമായത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes