ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ മുഖ്യമന്ത്രിയെ മാറ്റണം, ഹർജിയുമായി ഗവർണർ സുപ്രീംകോടതിയിൽ

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിർത്തണമെന്ന് ഗവർണർ. സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. യുജിസിയും കേസിൽ കക്ഷിയാകാൻ അപേക്ഷ നൽകും.മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായി അഞ്ചംഗ സെർച്ച് കമ്മറ്റി കോടതി ഇരു സർവകലാശാലകളുടെയും സ്ഥിരം വിസി നിയമനത്തിന് നിശ്ചയിച്ചിരുന്നു.ഈ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. കഴിഞ്ഞ മാസം 18ന് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിൽ വിസിയെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ്. എന്നാല്‍, ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് നേരിട്ട് കൈമാറണമെന്നാണ് ഗവർണറുടെ ആവശ്യം.
കേരളത്തിലെ ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിന്, ബംഗാളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധിയാണ്സുപ്രീംകോടതി ആധാരമാക്കിയത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമാണ് സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സാഹചര്യമെന്ന് ഗവർണർ അഭിപ്രായപ്പെടുന്നു. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യതൊരു പങ്കുമില്ലെന്നും ഗവർണർ പറയുന്നു. യുജിസി മാനദണ്ഡങ്ങൾ ഉൾപ്പെടുന്നതാണ് നിയമ പ്രക്രിയ എന്നിരിക്കെ യുജിസി പ്രതിനിധിയുടെ അഭാവം പ്രതിസന്ധിയിലാക്കും. അതിനാൽ യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്നും അപേക്ഷയിൽ പറയുന്നു. രാജേന്ദ്ര അർലേക്കർ ബംഗാൾ ഗവർണ്ണർ സിവി ആനന്ദബോസുമായി ചർച്ച നടത്തിയിരുന്നു. ഓണാഘോഷത്തന് ഗവർണറെ ക്ഷണിച്ച് തണുപ്പിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുന്നതിനിടെയാണ് തർക്കം വീണ്ടും രൂക്ഷമാകുന്ന തരത്തിലുള്ള ഗവർണറുടെ ഈ നടപടി