നേപ്പാളിൽ ജെൻസി കലാപം രൂക്ഷമാകുന്നു; വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രതിഷേധക്കാർ

കാഠ്‌മണ്ഡു: നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം പിൻവലിച്ചെട്ടും ജെൻസി പ്രക്ഷോഭം കത്തിപടരുന്നു. നേപ്പാളിളിലെ പല ഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ മാർച്ച് നടത്തുകയും വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിടുകയും ചെയ്തു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനാൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ വീടിന് നേരെയും പ്രതിഷേധക്കാർ ആക്രമണങ്ങൾ നടത്തി.
പ്രതിഷേധം ശക്തമായതോടെ ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പിന്നാലെ കൃഷിമന്ത്രി രാംനാഥ് അധികാരിയും, ആരോഗ്യമന്ത്രിയും രാജിവച്ചു. രണ്ടു ദിവസത്തിനിടെ സർക്കാരിലെ മൂന്ന് മന്ത്രിമാരാണ് രാജിവച്ചത്.പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നതിനാൽ കാഠ്മണ്ഡുവിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുട്ടികളെ കൊല്ലുന്നത് നിർത്തി സർക്കാരിലെ കൊലപാതകികളെ ശിക്ഷിക്കൂ,” എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. കൂടാതെ പ്രതിഷേധത്തിൽ കൊല്ലപ്പെട്ട യുവാക്കൾക്ക് നീതി ലഭിക്കണമെന്നും നിലവിലെ സർക്കാർ രാജിവയ്ക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.