ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് നിങ്ങളാണോ പറയുന്നത് ? മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയോ എന്ന ചോദ്യത്തിന് മുന്നിലാണ് രാജീവ് ചന്ദ്രശേഖർ രൂക്ഷമായി പ്രതികരിച്ചത്. ബിജെപിയുടെ പ്രവർത്തന ചെലവ് കൂടിയെന്ന് നിങ്ങളാണോ പറയുന്നത് ? അത് നിങ്ങൾ ആണോ പറയേണ്ടത്, വേറെ എന്തേലും പണി നോക്കെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ വന്നതോടെ പാർട്ടി ചെലവ് അഞ്ചിരട്ടിയിലധികം വർധിച്ചതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. കെ. സുരേന്ദ്രൻ്റെ കാലത്ത് പരമാവധി മാസച്ചെലവ് 40 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ രണ്ടേകാൽക്കോടിയിൽ എത്തിയെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ രാജീവ് ചന്ദ്രശേഖർ തള്ളി കളയുകയാണ്. തിരുവനന്തപുരത്ത് ഒഴികെ മറ്റിടങ്ങളിൽ പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ് താമസിക്കുന്നത്.കെ. സുരേന്ദ്രൻ്റെ കാലത്ത് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ ഒരു മാസത്തെ ചെലവ് ഒന്നര ലക്ഷം രൂപയായിരുന്നുവെങ്കിൽ ഇന്ന് 30 ലക്ഷം രൂപയാണ് പ്രസിഡൻ്റ് ഓഫീസിൻ്റെ മാസച്ചെലവ്. ജനറൽ സെക്രട്ടറി ആനൂപ് ആൻ്റണിയും ആറു മാസമായി സ്റ്റാർ ഹോട്ടലിലാണ് താമസം.ഈ അനാവശ്യ ചിലവുകൾ ലക്ഷങ്ങളാണ് പാർട്ടിക്ക് നഷ്ടപ്പെടുന്നത്.
കെ സുരേന്ദ്രൻ പ്രസിഡൻ്റ് സ്ഥാനം ഒഴിയുമ്പോൾ പാർട്ടി അക്കൗണ്ടിൽ 35 കോടി രൂപയുണ്ടായിരുന്നു. ഇപ്പോൾ ഗണ്യമായ പണക്കുറവുണ്ടായിക്കൊണ്ടിരിക്കുകയാണെന്നു എതിർ വിഭാഗം നേതാക്കൾ ആരോപിക്കുന്നു. നിലവിൽ ചെലവ് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യം ഓഫീസ് ജീവനക്കാർ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.