ചന്ദൂ മൊണ്ടേതി ചിത്രം “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസ്

ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ “വായുപുത്ര”, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന “വായുപുത്ര”, 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും.
ഒരു കുന്നിൻ മുകളിൽ ഉയർന്ന് നിന്ന് ലങ്ക തീയിൽ എരിയുന്നത് കാണുന്ന ഹനുമാന്റെ ശക്തമായ രൂപമാണ് അനൗൺസ്മെന്റ് പോസ്റ്റർ വഴി പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലൂടെ പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്ന ഇതിഹാസ വ്യാപ്തിയും ആത്മീയ ആഴവും കൃത്യമായി ഉൾക്കൊള്ളുന്ന ഒരു പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വെറും ഒരു സിനിമയല്ലാതെ, ഒരു പുണ്യകാഴ്ച സമ്മാനിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. മുമ്പൊരിക്കലും കാണാത്ത വിധത്തിൽ ഭക്തി അനുഭവിക്കാനാണ് അവർ പ്രേക്ഷകരെ ക്ഷണിക്കുന്നത്.ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തും.