വന്യമൃഗ ആക്രമണങ്ങൾ : നിയമഭേദഗതിയിലേക്ക് സർക്കാർ, ഇന്ന് പ്രേത്യക മന്ത്രി സഭാ യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗാക്രമണങ്ങൾ നേരിടാൻ നിയമഭേദഗതിയുമായി സർക്കാർ. ജനവാസ മേഖലകളിൽ കടന്നുകയറി മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വധിക്കാൻ അനുമതി നൽകുന്ന തരത്തിലാണ് ഭേദഗതി. ഇതുസംബന്ധിച്ച ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനത്ത് ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. എന്നാൽ, കേന്ദ്രനിയമത്തിൽ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അനുമതി അനിവാര്യമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ബില്ലും മന്ത്രിസഭ പരിഗണിക്കും. സഭാ സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 180 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിയമപരമായ സങ്കീർണ്ണതകൾ ഉണ്ടെങ്കിലും, മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
അതേസമയം, സ്വകാര്യഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരങ്ങൾ വനംവകുപ്പ് അനുമതിയോടെ വെട്ടാൻ അനുമതി നൽകുന്ന ബില്ലിനും മന്ത്രിസഭ ഇന്ന് അംഗീകാരം നൽകാൻ സാധ്യതയുണ്ട്.