അങ്കമാലി യുവാവിന്റെ ഹൃദയം 13കാരിക്കു പുതുജീവിതമേകി; ശത്രക്രിയ വിജയകരം
കൊച്ചി ∙ കൊല്ലം സ്വദേശിനിയായ 13 കാരിക്ക് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പുലർച്ചെ 1.25 ന് ആരംഭിച്ച ശസ്ത്രക്രിയ രാവിലെ 6.30 തിന് അവസാനിച്ചു. 3.30 മുതൽ പെൺകുട്ടിയുടെ ശരീരത്തിൽ ഹൃദയം സ്പന്ദനം തുടങ്ങുകയുണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അടുത്ത 48 മണിക്കൂറും അത്യന്തം നിർണായകമാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണസംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ ഹൃദയമാണ് പെൺകുട്ടിക്ക് മാറ്റിവെച്ചത്. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അവയവ ദാനത്തിന് സമ്മതം നൽകിയതോടെ പ്രക്രിയകൾക്ക് വഴി തെളിഞ്ഞു.
രാത്രി 10 മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ശസ്ത്രക്രിയ ആരംഭിച്ചു. ഒരു മണിയോടെ ഹൃദയം വേർപ്പെടുത്തി പൊലീസ് സുരക്ഷയിൽ 20 മിനിറ്റിനകം കലൂരിലെ ലിസി ആശുപത്രിയിൽ എത്തിച്ചു. സമാന്തരമായി പെൺകുട്ടിയുടെ ശസ്ത്രക്രിയയും ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.
കൊല്ലത്ത് ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടിയെ സമയബന്ധിതമായി കൊച്ചിയിലെത്തിക്കാൻ വന്ദേ ഭാരത് ട്രെയിനാണ് ഉപയോഗിച്ചത്. ഹെലികോപ്റ്റർ ലഭ്യമല്ലാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് ഒരുക്കിയ പ്രത്യേക മാർഗ്ഗത്തിലൂടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ ഹൃദ്രോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു പെൺകുട്ടി. ശസ്ത്രക്രിയയുടെ വിജയത്തോടെ കുടുംബത്തിനും ഡോക്ടർമാർക്കും വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

