എട്ടു പേർക്ക് പുതുജീവതമേകി ബിൽജിത് യാത്രയായി

എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം സ്വദേശിയായ ബിൽജിത്ത് ബിജുവിൻ്റെ എട്ട് അവയവങ്ങൾ മറ്റുള്ളവർക്കായി ദാനം ചെയ്തു. ബിൽജിത്തിൻ്റെ ഹൃദയം, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റൊന്ന് എറണാകുളം രാജഗിരി ആശുപത്രിയിലും മാറ്റിവെച്ചു. കരൾ, ചെറുകുടൽ, പാൻക്രിയാസ് എന്നിവ എറണാകുളം അമൃത ആശുപത്രിയിലും നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും എത്തിച്ചു.
സെപ്റ്റംബർ 2-ന് കരിയാട് ദേശീയപാതയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ച് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിൽജിത്തിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, സെപ്റ്റംബർ 12-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് നടപടി ഏകോപിപ്പിച്ചത്. ഇന്ന് രാവിലെ ബിൽജിത്തിൻ്റെ ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിൽ 13 കാരിയായ കൊല്ലം സ്വദേശിനിക്കു വിജയകരമായി മാറ്റിവെച്ച് പുതുജീവൻ നൽകി. ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി രേഖപ്പെടുത്തി.