രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കർ എ.എൻ. ഷംസീർ; സഭയിൽ പ്രത്യേക ബ്ലോക്കിൽ ഇരിപ്പിടം

തിരുവനന്തപുരം: പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ലഭിച്ച കത്ത് സ്ഥിരീകരിച്ചതായി സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. എന്നാൽ, ഇതോടെ അദ്ദേഹത്തിന് നിയമസഭയിൽ പ്രവേശനത്തിന് തടസ്സമില്ല. രാഹുലിൻ്റെ അവധി അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അതിനാൽ സഭാ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രത്യേക ബ്ലോക്കിൽ ഉൾപ്പെടുത്തി ഇരുത്തുമെന്നാണ് സ്പീക്കറുടെ വിശദീകരണം. പ്രതിപക്ഷ ബ്ലോക്കിൽ ഇനി രാഹുൽ ഉണ്ടാകില്ല; പ്രതിപക്ഷ നിര അവസാനിക്കുന്ന സ്ഥലത്ത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ സീറ്റ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ന് ആരംഭിക്കുന്ന സഭാ സമ്മേളനം 10 വരെ നീളും. ആദ്യദിനം അന്തിമോപചാരം അർപ്പിച്ച ശേഷമാണ് സമ്മേളനം പിരിയുക. ആകെ 12 ദിവസമാണ് ഈ സമ്മേളനത്തേക്ക് നിശ്ചയിച്ചിട്ടുള്ളത്. നാല് ബില്ലുകൾ ഇതിനകം പരിഗണനയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 13 ബില്ലുകൾ കൂടി സഭയിൽ എത്താൻ സാധ്യതയുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകാതെ പോകുന്നത് ഭരണഘടനാപരമായി ശരിയാണോ എന്ന് ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ പ്രവർത്തനങ്ങളിൽ ദൃശ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്നും സ്പീക്കർ അറിയിച്ചു. സഭാ ടിവി വഴിയാണ് ജനങ്ങൾക്ക് സഭ കാണാൻ കഴിയുക.
സംസ്ഥാന പൊലീസ് സേനക്കെതിരെ ഉയരുന്ന വിമർശനങ്ങളിലും സ്പീക്കർ പ്രതികരിച്ചു. പൊലീസ് അതിക്രമങ്ങളെ സർക്കാർ ഒരിക്കലും ന്യായീകരിക്കില്ലെന്നും, ഇതിനായി കർക്കശമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഷംസീർ വ്യക്തമാക്കി. താനും പൊലീസ് അതിക്രമത്തിന്റെ ഇരയായിട്ടുണ്ടെന്നും, ഇപ്പോഴും ചികിത്സയിലാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.