ഗാസയിലെ കുട്ടികളെപ്പറ്റിയുള്ള പരാമർശം: ലീലാവതി ടീച്ചർക്ക് ഐക്യദാർഢ്യവുമായി മന്ത്രി രാജീവ്

എറണാകുളം: ഗാസയിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടര്‍ന്ന് സൈബർ ആക്രമണം നേരിടുന്ന നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ടീച്ചറെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ടീച്ചറുടെ മേൽ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഗാസിലെ കുട്ടികളോടും പലസ്തീൻ ജനതയോടും സർക്കാർ നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ലീലാവതി ടീച്ചർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ടീച്ചറുപോലുള്ളവരെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് മലയാളികളുടെ കടമയാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കെതിരെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം,” എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
“ഗാസയിലെ കുഞ്ഞുങ്ങൾ വിശന്നിരിക്കുമ്പോൾ തനിക്ക് പിറന്നാൾ ആഘോഷിക്കാൻ മനസ്സില്ല” എന്നായിരുന്നു ലീലാവതി ടീച്ചറുടെ പ്രസ്താവന. ഇതിന് അനുകൂലമായി നിരവധി പേർ രംഗത്തെത്തിയപ്പോൾ, തീവ്ര വലതുപക്ഷ സംഘടനകളിൽ നിന്നാണ് കടുത്ത സൈബർ ആക്രമണം ഉണ്ടായത്.
“കുഞ്ഞുങ്ങളുടെ വിശപ്പിന് പരിഹാരം കാണാതെ നടത്തുന്ന യജ്ഞങ്ങൾക്കൊന്നും അർത്ഥമില്ലെന്ന് പുരാണത്തിലെ കൃഷ്ണൻ ചോദിച്ചതുപോലെ തന്നെയാണ് ഞാൻ ചോദിച്ചത്. ആരോടും ശത്രുതയില്ല. പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളോടൊപ്പമാണ് എപ്പോഴും. അവർക്കു ജാതിയോ മതമോ ഇല്ല,” എന്ന് ഡോ. എം. ലീലാവതി പ്രതികരിച്ചു.