75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; സംസ്ഥാനത്തു വിവിധ്ധ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 ആം പിറന്നാൾ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിൽ എത്തും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. രാജ്യവ്യാപകമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങൾ കേന്ദ്രികരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ തുക 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും. ഗ്രാമങ്ങളില്‍ ഗർഭിണികൾക്ക് മാതൃ-ശിശു ആരോഗ്യത്തെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിനായി ‘സുമൻ സഖി ചാറ്റ്ബോട്ട്’ന്റെ പ്രവർത്തനത്തിനും ഇന്ന് പ്രധാനമന്ത്രി ആരംഭം കുറിക്കും. കൂടാതെ ആദി കർമ്മയോഗി അഭിയാൻ പ്രകാരം ഗോത്ര മേഖലകളിൽ ‘ആദി സേവ പർവ്’ പദ്ധതിയും, ധാറിൽ 2,150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പിഎം മിത്ര പാർക്കിനും പ്രധാനമന്ത്രി ഇന്ന് ആരംഭം കുറിക്കും.