Latest News

വോട്ട് കൊള്ളയിലൂടെ വിജയം: സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ അതിരൂപതയുടെ ഗുരുതര ആരോപണം

 വോട്ട് കൊള്ളയിലൂടെ വിജയം: സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ അതിരൂപതയുടെ ഗുരുതര ആരോപണം

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപി സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയുടെ ഫലമാണെന്ന ഗുരുതരമായ ആരോപണവുമായി സിറോ മലബാര്‍ സഭയുടെ തൃശ്ശൂര്‍ അതിരൂപത. അതിരൂപതയുടെ മുഖമാസികയായ കത്തോലിക്കാ സഭയുടെ സെപ്റ്റംബര്‍ ലക്കത്തിലെ ലേഖനത്തിലാണ് ആരോപണം ഉയർത്തിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ 1,46,673 പുതിയ വോട്ടുകൾ കൂടിയതായി കണക്കുകള്‍ കാണിക്കുന്നു. ഇതോടെ 10.99 ശതമാനം വര്‍ധനവ് സംഭവിച്ചു. സുരേഷ് ഗോപിയുടെ വിജയം 74,686 വോട്ടിനാണ്. ഈ പുതിയ വോട്ടുകൾ” എങ്ങനെ വന്നുവെന്നത് വലിയ ചോദ്യം തന്നെയാണെന്ന് മാസിക ചൂണ്ടിക്കാട്ടുന്നു.

ലേഖനം ആരോപിക്കുന്നത് പ്രകാരം, തൃശ്ശൂരിന് പുറത്തുനിന്നുള്ള ഒരുലക്ഷത്തോളം പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതാണ് സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കിയത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സംഘടനാ ദൗര്‍ബല്യം തിരിച്ചറിഞ്ഞ ആര്‍എസ്എസ്, ആസൂത്രിത നീക്കത്തിലൂടെയാണ് വോട്ട് കൊള്ള നടപ്പിലാക്കിയതെന്ന് പ്രസ്താവന. ക്രിസ്ത്യന്‍ പള്ളികളിലേക്കും, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും, കോളനികളിലേക്കും സുരേഷ് ഗോപിയെ എത്തിച്ചത് ആര്‍എസ്എസ് തന്നെയാണെന്നും, ഇതിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് മാറി എന്ന തെറ്റായ ചിത്രം പ്രചരിപ്പിക്കാനായിരുന്നു ശ്രമമെന്നും മാസികയിൽ പറയുന്നു. സംഘപരിവാര്‍ സംഘടനകള്‍ക്ക് വര്‍ഗീയ അന്ധതയാണെന്നും, നിരപരാധികളെ കുടുക്കാന്‍ “മാവോയിസ്റ്റ് ബന്ധം” എന്ന മുദ്രയാണ് ഇന്ന് ഇന്ത്യയിലെ വലിയ ആയുധമെന്നും കത്തോലിക്കാ സഭയുടെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മിഷണറിമാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജാതി വ്യവസ്ഥയും ദാരിദ്ര്യവും മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്നും വിമര്‍ശനത്തില്‍ പറയുന്നു. അതേസമയം, ഒഡീഷയിലെ ഭജംഗദള്‍ അഴിഞ്ഞാട്ടവും മാസികയുടെ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes