ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 91 പേർ , പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍; ഇസ്രയേൽ നേതാക്കളെ കുറ്റപ്പെടുത്തി യുഎൻ അന്വേഷണ കമ്മീഷൻ

ജനീവ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് ഇതിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനകളും ഉത്തരവുകളും വംശഹത്യയുടെ തെളിവുകളാണെന്ന് കമ്മീഷൻ അധ്യക്ഷ നവി പിള്ള വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ പലസ്തീനികളെ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ അധികാരികളും സുരക്ഷാസംവിധാനങ്ങളും പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ട് വ്യാജമാണെന്നും ഹമാസിന്റെ പ്രചാരണങ്ങൾ ആവർത്തിച്ചാണ് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ആരോപണം തള്ളി. അന്വേഷണ കമ്മീഷനെ ഉടൻ റദ്ദാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യുഎന്നിലെ ഇസ്രയേൽ സ്ഥിരം പ്രതിനിധി ഡാനിയൽ മെറോൺ റിപ്പോർട്ടിനെ അപകീർത്തികരവും അടിസ്ഥാനരഹിതവും ആണെന്ന് അഭിപ്രായപ്പെട്ടു.
അതേ സമയം രണ്ടു വർഷമായി നീളുന്ന യുദ്ധത്തിനിടയില്‍ ഗാസയിൽ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇസ്രായേൽ ആക്രമണത്തിൽ ഗാസ സിറ്റിയില്‍ നിന്ന് ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിൽ ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മാത്രം ഗാസ സിറ്റിയില്‍ കൊല്ലപ്പെട്ടത് 91 പേരാണ്. 17ഓളം കെട്ടിടങ്ങളാണ് ഒറ്റ രാത്രി കൊണ്ട് തകർന്നടിഞ്ഞത്. ഇപ്പോള്‍ എത്ര പേര്‍ അവിടെ അവിശേഷിക്കുന്നുവെന്നതിനും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.