ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ എങ്ങനെ നാലര കിലോ കുറഞ്ഞു? അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോഗ്രാം കുറഞ്ഞതില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഓഫീസറോട് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു.നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.
42 കിലോ ഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞുഇന്ധനം വല്ലതും ആണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാം. ? സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയും. ഇത് നിസാരമായി കാണാൻ കഴിയില്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. 1999 ല്‍ ദ്വാരപാലക ശില്പങ്ങള് സ്വര്‍ണം പൊതിഞ്ഞതായി രേഖകളുണ്ട്. 2019 ല്‍ വീണ്ടും എന്തിനാണ് സ്വര്‍ണം പൊതിയാന്‍ കൊണ്ടുപോയതെന്നു കോടതി നേരത്തെ ചോദിച്ചിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ ദ്വാരപാലക ശില്പങ്ങളും സ്വര്‍ണപ്പാളികളും പീഠവും 42. 8 കിലോ ഉണ്ടായിരുന്നു. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിൽ എത്തിച്ചശേഷം 38. 258 കിലോയായി കുറഞ്ഞു. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടിയത്. ദ്വാരപാലകശില്പം പൊതിയാനായി രണ്ടു സെറ്റ് സ്വര്‍ണ പാളികള്‍ സ്ട്രോങ്ങ് റൂമില്‍ ഉണ്ടോയെന്നും, രണ്ടാമതൊരു സെറ്റ് ഉണ്ടെങ്കില്‍ അതേപ്പറ്റി കോടതിയെ അറിയിക്കാനും ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം മൂന്ന് പവന് സ്വര്‍ണം ഉപയോഗിച്ച് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി വെളിപ്പെടുത്തിയിരുന്നു.ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോഴാണ് പുതിയത് നിര്‍മിച്ചു നൽകിയത്. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. എന്നാല്‍, പീഠം ഇപ്പോൾ എവിടെയെന്നതില്‍ വ്യക്തതയില്ലന്നും വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.