അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട

വൈവിധ്യമാർന്ന ചരിത്രവും വ്യത്യസ്തമായ സംസ്കാരംകൊണ്ടും സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. സാംസ്കാരികവും ചരിത്രപരുവമായ രഹസ്യങ്ങൾ ഇന്ത്യയിലെ ഓരോ സ്മാരകങ്ങളിലും കുടികൊളളുന്നു. സഞ്ചാരികളെ ആകർഷിക്കുന്നതിൽ പേരുകേട്ട നാടാണ് രാജസ്ഥാൻ. ഈ മരുഭൂമിയിൽ അനേകം സ്മാരകങ്ങളും അതിനുപുറമെ ഒരുപാട് ചരിത്രരഹസ്യങ്ങളും മറഞ്ഞുകിടക്കുന്നു. രാജസ്ഥാനിലെ പൗരാണിക കോട്ടകളിലൊന്നാണ് ജയ്‌പൂരിലെ ആംബർ കോട്ട. ആമിർകോട്ട എന്നും ഇതിനെ വിളിക്കുന്നു. ജയ്പൂരിന്റെ അഭിമാനമായി കണക്കാക്കുന്ന ഈ കോട്ടയെപ്പോലെ തന്നെ മനോഹരവും ആകാംക്ഷയേറിയതുമാണ് ഇതിന്റെ പിന്നിലെ ചരിത്രകഥകൾ.
ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിർമ്മിതിയായിരുന്നു ആംബർ കോട്ടയുടേത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്തിൽ തുടങ്ങിയ നിർമ്മാണം പൂർത്തിയാക്കുവാൻ ഒരു നൂറ്റാണ്ട് എടുത്തുവെന്ന് ചരിത്രം പറയുന്നു. ഇന്ന് കാണുന്ന കോട്ടയുടെ പൂർണ്ണരൂപത്തിലേക്കെത്തിച്ചത് സ്വായി ജയ്‌സിംഗ് രണ്ടാമനും രാജ ജയ്‌സിംഗ് ഒന്നാമനും കൂടിയാണ്. മീണ വംശക്കാരുടെ മാതൃദൈവമായ ഗട്ട റാണിക്ക് സമർപ്പിച്ചുകൊണ്ടാണ് ആംബർ നഗരം സ്ഥാപിച്ചത്. ദുർഗ്ഗാദേവിയുടെ അവതാരങ്ങളിലൊന്നായ അംബ മത ഈ പ്രദേശത്തിന്റെ സംരക്ഷകയാണെന്ന് വിശ്വസിക്കപ്പെടുന്നു. അംബികേശ്വർ എന്ന ശിവന്റെ പര്യായത്തിൽ നിന്നുമാണ് ആംബർ കോട്ട വന്നത് എന്നൊരു വിശ്വാസവുമുണ്ട്. പേരുകൊണ്ട് മാത്രമല്ല ആംബർ കോട്ട വ്യത്യസ്തത പുലർത്തുന്നത് മറിച്ചു നിർമാണത്തിലും ഒരുപാട് പ്രത്യേകതകൾ കോട്ട പുലർത്തുന്നു. അക്കാലത്തു നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ഉയർന്ന മേന്മയിൽ അത്രമേൽ മനോഹരമായാണ് കോട്ട പണികഴിപ്പിച്ചിരിക്കുന്നത്. കോട്ടയ്ക്കുള്ളിൽ കൊട്ടാരങ്ങളാണ് ഇതിലെ പ്രധാന കാഴ്ച. വെളുപ്പും,ചുവപ്പും മണൽക്കല്ലുകൊണ്ടാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. മുഗൾ ശൈലിയുടെയും രാജ്പുത് വസ്തുവിദ്യയുടെയും മിശ്രിതം ഈ കോട്ടയിൽ കാണാൻ സാധിക്കുന്നു. കോട്ടയുടെ മതിലുകളുടെ ഉൾവശം നിത്യജീവിതത്തിലെ രംഗങ്ങൾ പകർത്തിയിട്ടുള്ള മ്യൂറൽ ഫ്രെസ്കോ ചുമർചിത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
പ്രധാനമായും കോട്ടയ്ക്ക് നാലു ഭാഗങ്ങളാണുള്ളത്.ഓരോ ഭാഗത്തിനും മനോഹരമായ മുറ്റങ്ങളുമുണ്ട്. കൂറ്റൻ മതിലുകൾ, കൽപാതകൾ, ഒട്ടനവധി കവാടങ്ങൾ, വർണ്ണാഭമായ കൊത്തുപണികൾ, ചുവർചിത്രങ്ങൾ എന്നിവ കോട്ടയുടെ ആകർഷണീയത വർധിപ്പിക്കുന്നു. വ്യത്യസ്ത കവാടങ്ങളാണ് ആംബർ കോട്ടയിലേക്ക് കടക്കുവാനായുള്ളത്. സൂരജ്‌പോൾ, ചാന്തപോൾ എന്നിവ രണ്ടു പ്രധാന കവാടങ്ങളാണ്.കോട്ട കാണാൻ എത്തുന്ന സഞ്ചാരികൾക്ക് ആനപ്പുറത്തു വന്ന് സൂരജ്‌പോൾ വഴി കോട്ടയിലേക്ക് കടക്കാം. കോട്ടക്കരികിലുള്ള മഹോത തടാകം കോട്ടയുടെ മനോഹാരിത വർധിപ്പിക്കുന്നു. ഈ കോട്ടയുടെ പടിഞ്ഞാറുവശത്തായി, ഒരു കോട്ടമതിൽക്കെട്ടിനകത്തുതന്നെ ജയ്ഗഡ് കോട്ടയും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു കോട്ടകളും തുരംഗങ്ങളിലൂടെയും രഹസ്യവഴികളിലൂടെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്.